വിവാഹമോചന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ബോളിവുഡിലെ സൂപ്പര്‍ താര ദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വീണ്ടും വാര്‍ത്തകളില്‍. പിങ്ക് പാന്തേഴ്സിന്‍റെ കബഡി മല്‍സരത്തിനിടെ ഗാലറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതിന്‍റെ വിഡിയോയാണ് പുറത്തുവന്നത്.
അഭിഷേകും മകള്‍ ആരാധ്യയും ഐശ്വര്യയും ഗാലറിയില്‍ ഇരിക്കുന്നതും ഒപ്പം അഭിഷേകിന്‍റെ സഹോദരീപുത്രിയായ നവ്യയും സുഹൃത്തായ സിക്കന്ദറും വിഡിയോയിലുണ്ട്. മല്‍സരം പുരോഗമിക്കുന്നതിനിടയില്‍ ഐശ്വര്യയും അഭിഷേകും തമ്മില്‍ സംസാരമുണ്ടാകുന്നത് കാണാം.തര്‍ക്കം മുറുകുന്നതോടെ അഭിഷേക് ഐശ്വര്യയുടെ കൈയില്‍ പിടിച്ച ശേഷം എന്തോ വിശദീകരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ ഐശ്വര്യയുടെ മുഖഭാവത്തില്‍ നിന്നും അതൃപ്തി പ്രകടമായി കാണാം. പിന്നാലെ എല്ലാം ഓക്കെയാണോ എന്ന് നവ്യ ചോദിക്കുന്നതും ഐശ്വര്യ അല്‍പം ദേഷ്യം കലര്‍ന്ന മുഖത്തോടെ നോക്കുന്നതും വിഡിയോയില്‍ കാണാം.
അഭിഷേകാണ് പിങ്ക് പാന്തേഴ്സിന്‍റെ ഉടമ. ടീമിനെ പിന്തുണയ്ക്കുന്നതിനായി കുടുംബസമേതമെത്തിയതായിരുന്നു താരം. അതിനിടയിലാണ് അസ്വാരസ്യമുണ്ടായതും അത് വാര്‍ത്തകളിലിടം പിടിക്കുന്നതും. സംഭവത്തെ കുറിച്ച് താരങ്ങള്‍ ഇരുവരുമോ അടുത്ത സുഹൃത്തുക്കളോ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.
ഏതൊരു സാധാരണ ദമ്പതിമാരെയും പോലെയാണ താനും അഭിഷേകുമെന്നും വഴക്ക് പതിവാണെന്നും ഐശ്വര്യ ഒരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2010 ല്‍ വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 'സൗന്ദര്യപ്പിണക്കത്തിന്‍റെ ഇടവേള'കളെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോളാണ് താരം എന്നും വഴക്കിടാറുണ്ടെന്ന് പറഞ്ഞത്. പിന്നാലെ അഭിഷേക് ഇടപെടുകയും ' അഭിപ്രായ വ്യത്യാസങ്ങളാണ്, വഴക്കല്ലെന്ന്' തിരുത്തുകയുമായിരുന്നു. ഗൗരവമുള്ള വഴക്കുകളല്ലെന്നും ആരോഗ്യകരമാണെന്നും അല്ലെങ്കില്‍ ജീവിതമാകെ ബോറടിക്കുമെന്നും താരം വിശദീകരിച്ചിരുന്നു.
അനന്ത് അംബാനിയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ വെവ്വേറെയായി എത്തിയതോടെയാണ് താര ദമ്പതികളുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന മട്ടില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നാലെ ഐശ്വര്യ വിവാഹമോതിരമണിയാതെ പ്രത്യക്ഷപ്പെട്ടതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇരുവരും ഒന്നിച്ച് പൊതുവേദിയിലെത്തുന്നത് അപൂര്‍വമാണ്. അതേസമയം വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ അഭിഷേകും ഐശ്വര്യയും ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 2007 ഏപ്രില്‍ 20നാണ് ഇരുവരും വിവാഹിതരായത്.