സോഷ്യല്‍ മീഡിയയെ വീണ്ടും ചൂടുപിടിപ്പിച്ച് ബോളിവുഡിലെ സൂപ്പര്‍ താര ദമ്പതികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചന്‍റെയും വിവാഹമോചന അഭ്യൂഹങ്ങള്‍. ഇത്തവണ അമിതാഭ് ബച്ചന്‍റെ 82-ാം ജന്മദിനാഘോഷങ്ങളെ ചുറ്റിപ്പറ്റിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒക്ടോബർ 11നാണ് അമിതാഭ് ബച്ചന്‍ തന്‍റെ 82-ാം ജന്മദിനം ആഘോഷിച്ചത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്‍റെ റിയാലിറ്റി ഷോയിലെ പ്രത്യേക എപ്പിസോഡും ബച്ചന്‍റെ ജന്മദിനാഘോഷമായിരുന്നു.
എപ്പിസോഡിൽ അമിതാഭ് ബച്ചനെ കുറിച്ചുള്ള രണ്ട് വിഡിയോകൾ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിലൊന്ന് അദ്ദേഹത്തിന് കുടുംബാംഗങ്ങൾ ആശംസകൾ നേരുന്ന വിഡിയോയായിരുന്നു. ഭാര്യ ജയാ ബച്ചൻ, മകൾ ശ്വേത ബച്ചൻ നന്ദ, മകൻ അഭിഷേക് ബച്ചൻ, ചെറുമകൻ അഗസ്ത്യ നന്ദ, ചെറുമകൾ നവ്യ നവേലി നന്ദ എന്നിവരെല്ലാം ആശംസകള്‍ നേരുന്ന വിഡിയോയില്‍ ആരാധ്യയുടെ കുറച്ച് ചിത്രങ്ങളുമുണ്ടായിരുന്നു. എന്നാൽ ഐശ്വര്യ റായ് എവിടെയുമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഐശ്വര്യയെ ഒഴിവാക്കിയത് എന്ന് നെറ്റിസൺസ് ആശ്ചര്യപ്പെട്ടു. അത് വേർപിരിയലിനെ ഏറെക്കുറെ സ്ഥിരീകരിക്കുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
ഐശ്വര്യയുടെ അഭാവം അഭിഷേക് ബച്ചന്‍റെയും ഐശ്വര്യ റായിയുടെയും വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തി. അതേസമയം തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഐശ്വര്യ അമിതാഭ് ബച്ചന് ആശംസകള്‍ നേര്‍ന്നിരുന്നു. ആരാധ്യയ്‌ക്കൊപ്പമുള്ള അദ്ദേഹത്തിൻ്റെ ഫോട്ടോ പങ്കിട്ട് ‘ഹാപ്പി ബർത്ത്ഡേ പാ-ദാദാജി ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ’ എന്നാണ് ഐശ്വര്യ കുറിച്ചത്. ALSO READ: ഗാലറിയിലിരുന്ന് 'വഴക്കടിച്ച്' ഐശ്വര്യ റായിയും അഭിഷേകും! അമ്പരന്ന് ആരാധകര്‍...
നേരത്തെ പിങ്ക് പാന്തേഴ്സിന്‍റെ കബഡി മല്‍സരത്തിനിടെ ഗാലറിയില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതിന്‍റെ വിഡിയോ പ്രചരിച്ചിരുന്നു. അഭിഷേകും മകള്‍ ആരാധ്യയും ഐശ്വര്യയും ഗാലറിയില്‍ ഇരിക്കുന്നതും മല്‍സരം പുരോഗമിക്കുന്നതിനിടയില്‍ ഐശ്വര്യയും അഭിഷേകും തമ്മില്‍ സംസാരമുണ്ടാകുന്നതുമാണ് വിഡിയോയില്‍. തര്‍ക്കം മുറുകുന്നതോടെ അഭിഷേക് ഐശ്വര്യയുടെ കൈയില്‍ പിടിച്ച ശേഷം എന്തോ വിശദീകരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. പക്ഷേ ഐശ്വര്യയുടെ മുഖഭാവത്തില്‍ നിന്നും അതൃപ്തി പ്രകടമായി കാണാം.
2010 ല്‍ വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ 'സൗന്ദര്യപ്പിണക്കത്തിന്‍റെ ഇടവേള'കളെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ഏതൊരു സാധാരണ ദമ്പതിമാരെയും പോലെയാണ് താനും അഭിഷേകുമെന്നും വഴക്ക് പതിവാണെന്നും ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ അഭിഷേക് ഇടപെടുകയും' അഭിപ്രായ വ്യത്യാസങ്ങളാണ്, വഴക്കല്ലെന്ന്' തിരുത്തുകയും ചെയ്തു. ഗൗരവമുള്ള വഴക്കുകളല്ലെന്നും ആരോഗ്യകരമാണെന്നും അല്ലെങ്കില്‍ ജീവിതമാകെ ബോറടിക്കുമെന്നും താരം വിശദീകരിച്ചിരുന്നു.
അനന്ത് അംബാനിയുടെ വിവാഹസല്‍ക്കാര ചടങ്ങില്‍ വെവ്വേറെയായി എത്തിയതോടെയാണ് താര ദമ്പതികളുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന മട്ടില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും ഒന്നിച്ച് പൊതുവേദിയിലെത്തുന്നത് അപൂര്‍വമാണ്. അതേസമയം വിവാഹ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ അഭിഷേകും ഐശ്വര്യയും ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 2007 ഏപ്രില്‍ 20നാണ് ഇരുവരും വിവാഹിതരായത്. 2011 ലാണ് മകള്‍ ആരാധ്യയുടെ ജനനം.