മദ്യപിച്ച് കാറോടിച്ച് നടന്‍ ബൈജു അപകടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് തന്‍റെ പേര് വലിച്ചിഴയ്ക്കരുതെന്ന് മകൾ ഐശ്വര്യ സന്തോഷ്. അപകടമുണ്ടായ സമയത്ത് അച്ഛനൊപ്പമുണ്ടായിരുന്നത് താനല്ല. അച്ഛന്‍റെ കസിന്‍റെ മകളായിരുന്നു. ഭാഗ്യംകൊണ്ട് എല്ലാവരും സുരക്ഷിതരാണെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘എന്‍റെ അച്ഛന്‍റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാൻ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു.’എന്നാണ് ഐശ്വര്യ കുറിച്ചത്. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചാണ് ബൈജു ഓടിച്ച കാർ, സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുന്നത്.
നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇന്നുരാവിലെയാണ് നടന്‍ ബൈജു അറസ്റ്റിലായത്. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന്‍ തെറിച്ചുവീണെങ്കിലും വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ നടന്‍ തയ്യാറായിരുന്നില്ല. ബൈജുവിനെ വാഹനത്തില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ തന്നെ മദ്യത്തിന്‍റെ ഗന്ധം നന്നായിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വണ്ടിയോടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ ഇടിച്ചു കൊലപ്പെടുത്തിയ വെള്ളയമ്പലത്തിന് സമീപമാണ് ഈ അപകടവും.