തേന്‍മാവിന്‍ കൊമ്പത്ത്, വെട്ടം, ചന്ദ്രലേഖ തുടങ്ങിയ സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ ബേണി–ഇഗ്നേഷ്യസ് എന്ന ചേട്ടന്‍–അനിയന്‍ കൂട്ടുകെട്ടില്‍ പിറന്നവയായിരുന്നു. ഇനി മുതല്‍ ബേണിയും മകന്‍ ടാന്‍സനും ഒന്നിക്കുന്ന അച്ഛന്‍–മകന്‍ കോംബോയാണ് മലയാള സിനിമ കാണാന്‍ പോകുന്നത്. ബേണിയും ടാന്‍സനും ഒരുമിച്ച് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനം പാടുന്നതോ പിന്നണി ഗായകന്‍ പി.ഉണ്ണികൃഷ്ണന്‍റെ മകനും.
ബേണി ഇഗ്നേഷ്യസ്, സംഗീതലോകത്തെ പിരിച്ചെഴുതാന്‍ കഴിയാത്ത പോരായിരുന്നു. ഇനി അത് ബേണി– ടാന്‍സന്‍ എന്ന അച്ഛന്‍ മകന്‍ കൂട്ടുകെട്ടാണ്. സഹോദരന്‍ ഇഗ്നേഷ്യസ് സംഗീത ലോകത്തുനിന്ന് മാറി നിന്നപ്പോള്‍ ബേണിയും പതിയെ വിട്ടുനിന്നു. തിരിച്ചു വരവില്‍ മകന്‍ ടാന്‍സണെയാണ് ഒപ്പം കൂട്ടിയത്.
പ്രശസ്ത പിന്നണി ഗായകന്‍ പി.ഉണ്ണികൃഷ്ണന്‍റെ മകന്‍ വസുദേവ് കൃഷ്ണയ്ക്ക് സിനിമയിലേക്കുള്ള കടന്നുവരവ് കൂടിയാണ് ഗാനം. ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിന് വേണ്ടിയാണ് പുതുതലമുറ ഒന്നിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് പാട്ടിന് വരികള്‍ എഴുതിയത്. അച്ഛന്‍മാരുടെ മേഖലയിലേക്ക് മക്കളുടെ കടന്നുവരവ് ആഘോഷമാക്കുകയാണിവര്‍.