സൈബറിടത്ത് ഉയരുന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും. ഇനി ഞങ്ങളുടെ ജീവിതം ഒരു ചര്‍ച്ച വിഷയമാക്കരുത്, അച്ഛനില്ലാത്ത കുടുംബത്തില്‍ അമ്മയും ഞാനും അനിയത്തിയും എന്‍റെ മകളും അടങ്ങുന്ന നാല് പെണ്ണുങ്ങള്‍ മാത്രമാണ്. സമാധാനത്തോടെ ജീവിക്കാനും, സന്തോഷിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത്രയും കാലം മൗനമായി നിന്നിട്ടും ഞങ്ങള്‍ക്ക് നേരെ സൈബര്‍  ആക്രമണങ്ങള്‍ ഉണ്ടായി.  അത് ഞങ്ങളുടെ സംഗീത ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ബാധിച്ചു. ഞങൾക്ക് അറിയാത്ത കാര്യങ്ങള്‍  പറഞ്ഞു പരത്തരുത്. ഇനിയും ഒരു വീഴ്ച ഉണ്ടായാൽ അതിൽ നിന്ന് ഉയർന്നു വരാൻ സാധിക്കുമോയെന്ന് അറിയില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കു വച്ച കത്തിൽ അമൃതയും അഭിരാമിയും പറയുന്നു.

കത്തിന്‍റെ പൂര്‍ണരൂപം 

പ്രിയപെട്ടവരെ, ഞങ്ങളുടെ കുടുംബത്തിന്‍റെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ കുറെ നാളുകൾ. നാലു പെണ്ണുങ്ങൾ മാത്രം അടങ്ങുന്ന ഞങ്ങളുടെ കുടുംബം, ഇന്ന് വരെ ഞങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ഞങ്ങളുടെ കൊച്ചു കൊച്ചു സന്തോഷ നിമിഷങ്ങളും, സംഗീതവും ഒക്കെ പങ്കുവയ്ക്കാൻ മാത്രം ആണ് ഉപയോഗിച്ചിട്ടുള്ളത്.. മറ്റൊരാളുടെ ജീവിതത്തിൽ കയറുകയോ - അവരെ ഉപദ്രവിക്കുകയോ ഒരിക്കൽ പോലും ചെയ്യാതിരുന്നിട്ടും എന്ത് കൊണ്ടെന്നറിയാത്ത വിധം ഒരുപാട് സൈബർബുള്ളിയിങ് നേരിട്ടവരാണ് ഞങ്ങൾ ഓരോരുത്തരും. നിങ്ങൾ ഓരോരുത്തരെയും പോലെ, ഞങ്ങളുടെ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളും മറ്റും ഒക്കെ നിങ്ങളുമായി പങ്കുവെക്കുക എന്നത് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളു. അത് നിങ്ങളോടൊക്കെ ഉള്ള മാനസികമായ അടുപ്പം കൊണ്ട് മാത്രവുമാണ്.

 

നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങൾക്കറിയാം, എന്നാലും പറയട്ടെ; ഞങ്ങൾ നിയമത്തെ ഒരുപാട് വര്‍ഷത്തിന്‍റെ പോരാട്ടത്തിനും മൗനത്തിനും ശേഷം മാത്രമാണ് ആശ്രയിച്ചത്. ഞങ്ങളുടെ ജീവിതവും കുടുംബവും സംരക്ഷിക്കുവാൻ വേണ്ടി മാത്രം. ആരെയും വേദനിപ്പിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. മറിച്ച് നാലു പെണ്ണുങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം നിലനിർത്താൻ വേണ്ടി മാത്രമാണ് നിയമത്തെ ആശ്രയിക്കേണ്ടി വന്നത്. ഏതൊരു ഇന്ത്യൻ പൗരനേയും പോലെ.മാധ്യമങ്ങളിൽ നിരന്തരമായ ചർച്ചയായിരുന്ന ഈ വിഷയം ഇന്ന് കോടതിയുടെ പരിഗണയിലുള്ള ഒരു കേസ് ആയിരിക്കുന്നു. ശേഷം, ഒരു പ്രസ്താവനകളും ഇക്കാര്യത്തിനെയോ കേസിനെയോ പറ്റി പരാമർശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. മാധ്യമവേദികളിൽ വീണ്ടും ഒരു ചർച്ചാവിഷയമായി ഇക്കാര്യം വരുന്നത് ഞങ്ങളുടെ ഭാഗത്തു നിന്ന് വന്ന ഒരു പ്രസ്താവനകളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിലല്ല, വീണ്ടും ഇതൊരു സംസാരവിഷയമാക്കാൻ ഞങ്ങൾ തീരെ ആഗ്രഹിക്കുന്നില്ല. 

 

നിയമം അതിന്‍റെ വഴിയിലൂടെ കാര്യങ്ങൾക്കു ശരിയായ സമാപ്തിയുണ്ടാക്കുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു.വർഷങ്ങളോളം ഉണ്ടായ അടിച്ചമർത്തലിനും മൗനത്തിനും ഒടുവിൽ, ഇപ്പോൾ ഞങ്ങൾ ഒരു മാറ്റത്തിനായി ഒരുപാട് കൊതിക്കുന്നു. എവിടെനിന്നെന്നറിയാത്ത ധൈര്യത്തോടെ മുതിരുന്നു. ഒരുപാടു പ്രാർത്ഥനയോടെയാണ് ഭാവിയെ ഉറ്റുനോക്കുന്നത്. കാരണം ഇന്ന് ഞങ്ങളോടൊപ്പം ഞങ്ങളുടെ അച്ഛൻ പോലും കൂടെ ഇല്ല. സംഗീതവും, ബ്ലോഗിങും ഞങ്ങളുടെ കൊച്ചു സ്വപ്നങ്ങളുമൊക്കെ ആയി ഒന്ന് പറന്നുയരാൻ ശ്രമിക്കുന്ന ദിവസങ്ങൾ ആണ് ഞങ്ങളുടെ മുന്നിൽ. എന്റെ മകൾക്കു അവൾ അർഹിക്കുന്നതിനും മികച്ചത് നേടിയെടുക്കാൻ, ഒരു ജീവിതം ഒരുക്കുവാൻ വേണ്ടി, മരണം വരെയും പൊരുതാനായി ആയി ആണ് അവളുടെ ഈ മൂന്നു അമ്മമാർ ജീവിച്ചിരിക്കുന്നത് തന്നെ.ഇത്തരം വിഷയങ്ങൾ കാരണം ഞങ്ങളുടെ വ്യക്തിപരവും സംഗീതപരവുമായ ജീവിതത്തിൽ ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമല്ലോ. അതെല്ലാം ഒരുപാട് പ്രതീക്ഷയോടെയാണ് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത്. ഞങ്ങളെ ഞങ്ങളാക്കി മാറ്റിയ മാധ്യമങ്ങളോട് പറയാനൊന്നു മാത്രം. ഒരുപാട് സഹികെട്ടതിൽ നിന്നും എടുത്ത തീരുമാനങ്ങളുടെ സങ്കർഷം, ഞങ്ങൾ എങ്ങനെയോ ശക്തി സംഭരിച്ചാണ് മറികടക്കുവാൻ ശ്രമിക്കുന്നത്, അതിനിടയിൽ ദയവു ചെയ്തു, ഞങ്ങളുടെ യാതൊരു അറിവുമില്ലാത്ത കാര്യങ്ങളും പ്രസ്താവനകളും പറഞ്ഞു പരത്തരുത്.

 

 വസ്തുത പരിശോധിക്കാത്ത വാർത്തകൾ കാരണം ഒരുപാട് വേദനിച്ചവർ എന്ന നിലയിൽ ഞങ്ങളെ ഇനിയും വീഴ്ത്താനൊരു കാരണമായി നിങ്ങൾ മാറരുത്. ഇനിയും ഒരു വീഴ്ചയിൽ നിന്ന് മാനസികമായും ശാരീകമായും ഉയർന്നു വരാൻ തന്നെ പറ്റുമോ എന്നറിയില്ല ഞങ്ങൾക്ക്.സാധാരണ മനുഷ്യർക്ക് പറ്റാവുന്ന തെറ്റുകൾക്കുപരി, നിങ്ങൾ വസ്തുതകൾ തിരക്കാതെ കേട്ടുറപ്പിച്ച കെട്ടുകഥകൾ പോലെ, ആരുടേയും ഒന്നും പിടിച്ചുപറിക്കാനോ ആരെയും ഉപദ്രവിക്കാനോ ഇന്നേ വരെ മുതിർന്നിട്ടില്ല, ഇനിയും അത് സംഭവിക്കില്ല. ഞങ്ങളുടെ മാതാപിതാക്കളുടെയും പ്രകൃതിയുടെയും ഭഗവാന്‍റെയും കൃപയാൽ കിട്ടിയ സംഗീതത്തെ ഉപാസിച്ചു ഞങ്ങളാലാവുന്ന ഉയരങ്ങളിലേക്ക് പറന്നുയരാൻ വേണ്ടി മാത്രം ആണ് അന്നും ഇന്നും എന്നും ഞങ്ങൾ ശ്രമിച്ചിട്ടുള്ളത്. ആ സത്യം വിട്ടു ഇന്നേ വരെ ഒന്നിന്നും നിന്നിട്ടുമില്ല. ഈ വിഷയത്തിൽ ഞങ്ങളെ മോശക്കാരാക്കും വിധമുള്ള പ്രചരണം ദയവു ചെയ്തു അവസാനിപ്പിക്കുക. 

 

ഒരുപാട് സ്വപ്നങ്ങളുള്ള ഒരു പെൺകുഞ്ഞു വളർന്നു വരുന്നുണ്ട് ഞങ്ങളുടെ വീട്ടിൽ, അവളുടെ ജീവിതത്തിൽ, ഇനിയും ഒരു പോറൽ പോലും വരാൻ നിങ്ങളനുവദിക്കരുത് എന്ന് മാത്രം ആണ് ഞങ്ങളുടെ അഭ്യർഥന. ഞങ്ങളുടെ യാതൊരു അറിവോടു കൂടെയുമല്ലാത്ത പ്രസ്താവനകൾ തലക്കെട്ടായി പല ചാനലുകളിലും ഇപ്പോളും പ്രസിദ്ധീകരിച്ചു വരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്നുണ്ട്. അതിൽ ഞങ്ങളാലാവുന്നതെല്ലാം നീക്കം ചെയ്യാനും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തെ പറ്റിയുള്ള എന്‍റെ വിശദീകരണങ്ങൾ ഞാൻ കുറച്ചു ദിവസങ്ങൾക്കു മുമ്പേ തന്നെ പറഞ്ഞു അവസാനിപ്പിച്ചതുമാണ്, അതിനാൽ, വീണ്ടും ഇതൊരു ചർച്ചാവിഷയമാക്കാതിരിക്കാൻ ഞങ്ങൾ ഒരിക്കൽകൂടി അഭ്യർത്ഥിക്കുന്നു.എന്നും എല്ലാവരോടും സ്നേഹം മാത്രം, അമൃത സുരേഷ്, അഭിരാമി സുരേഷ്'

ENGLISH SUMMARY:

Amrita Suresh and her sister Abhirami Suresh have come forward to clarify their stance on the situation