TOPICS COVERED

ഏറ്റവും വലിയ വിജയം നേടിയ ഇന്ത്യന്‍ സിനിമയാണ് ദംഗല്‍. ആമിര്‍ ഖാന്‍ നായകനായി 70 കോടി മുടക്കില്‍ 2200 കോടി കളക്ഷന്‍ നേടിയ ദംഗലിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രത്തിനുമായിട്ടില്ല. ഇന്ത്യന്‍ ഗുസ്തിതാരങ്ങളായ ഗീത ഫോഗട്ടിന്‍റെയും ബബിത ഫോഗട്ടിന്‍റെയും  ഇവരുടെ കര്‍ക്കശക്കാരനായ അച്ഛന്‍ മഹാവീര്‍ ഫൊഗട്ടിന്‍റെയും  ജീവിതം  അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

നിതേഷ് തിവാരി സംവിധാനം ചെയ്​ത ചിത്രത്തില്‍ ആമിര്‍ ഖാന് പുറമേ സന്യ മല്‍ഹോത്ര, ഫാത്തിമ സന, സുഹാനി ഭട്നാഗർ, സൈറ വസീം ഷെയ്ഖ് എന്നിവരും പ്രധാനവേഷങ്ങളിലെത്തി . എന്നാല്‍ സിനിമ നേടിയ കലക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചത് തുച്ഛമായ പണമാണെന്ന് പറയുകയാണ് മുന്‍ഗുസ്തിതാരവും ബി.ജെ.പി. നേതാവുമായ ബബിത ഫോഗട്ട്. ഒരു അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ബബിത തുറന്നു പറഞ്ഞത്. 

സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്നായിരുന്നു അവതാരകന്‍റെ ചോദ്യം. കലക്ഷന്‍റെ ഒരു ശതമാനത്തില്‍ താഴെയെന്നായിരുന്നു ബബിതയുടെ മറുപടി. 20 കോടിയാണോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍, അല്ല ഒരു കോടി എന്നായിരുന്നു ബബിത യുടെ മറുപടി. 

‘എന്‍റെ പിതാവ് മഹാവീർ സിങ്ങിന് ഒറ്റ കാര്യമേ ആവശ്യമുണ്ടായിരുന്നുള്ളൂ, ജനങ്ങളുടെ ആദരവും സ്നേഹവും. ബാക്കിയെല്ലാം വിട്ടേക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ആമിർ ചിത്രത്തിന്‍റെ ഭാഗമായപ്പോള്‍  കഥാപാത്രങ്ങളുടെ പേരുകളും മാറ്റാൻ   നിർദേശിച്ചു. എന്നാൽ, അച്ഛൻ വഴങ്ങിയില്ല. ദംഗൽ വൻ വിജയമായതോടെ ഹരിയാനയിൽ ഒരു ഗുസ്തി അക്കാദമി തുറക്കാൻ പിതാവ് ആമിറിന്‍റെ  സംഘത്തോട് ആവശ്യപ്പെട്ടു. എന്നാൽ, അവർ സമ്മതമോ വിസമ്മതമോ അറിയിച്ചില്ല. അക്കാദമി ഒരിക്കലും യാഥാർഥ്യമായതുമില്ല,’ ബബിത പറഞ്ഞു.

ENGLISH SUMMARY:

Babita Phogat says that compared to the Dangal's collection, the money they got was a pittance