നായക നടനല്ലാത്തതിനാല്‍ പ്രിയങ്ക ചോപ്ര തന്നെ ചുംബിക്കാന്‍ വിസമ്മതിച്ചുവെന്ന് നടനും ടെലിവിഷന്‍ താരവുമായ അന്നു കപൂര്‍. വിശാല്‍ ഭരദ്വാജ് ചിത്രമായ 'സാത് ഖൂന്‍ മാഫി'ന്‍റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. പ്രിയങ്കയ്ക്ക് താല്‍പര്യമില്ലാത്തതിനെ തുടര്‍ന്ന് ആ രംഗം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും എന്നാല്‍ സംവിധായകന്‍റെ നിര്‍ബന്ധപ്രകാരം പിന്നീട് സോളോ ഷോട്ടായി ചിത്രീകരിക്കുകയുമായിരുന്നുവെന്നും അദ്ദേഹം എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
താനൊരു നായകനായിരുന്നുവെങ്കില്‍ പ്രിയങ്ക വിസമ്മതിക്കുകയില്ലായിരുന്നുവെന്നും പ്രശസ്തനല്ലാത്തതിനാലാണ് പ്രിയങ്ക തയ്യാറാവാതിരുന്നതെന്നുമാണ് അന്നുവിന്‍റെ ആരോപണം. ജോണ്‍ എബ്രഹാം, നസറുദ്ദീന്‍ ഷാ, ഇര്‍ഫാന്‍ ഖാന്‍, തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് വ്യാപക പ്രശംസ ലഭിച്ചിരുന്നു.
ഈ ചിത്രത്തിന് ശേഷവും വിശാലും പ്രിയങ്കയും വീണ്ടും ഒന്നിച്ചിരുന്നുവെന്നും ഷാഹിദ് നായകനായ കാമിനിയിലും ചുംബന രംഗമുണ്ടായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ആ ചുംബനരംഗത്തെ കുറിച്ച് ഷാഹിദും പ്രിയങ്കയും കോഫി വിത് കരണില്‍ തുറന്ന് പറയുകയുമുണ്ടായി. താന്‍ സെറ്റിലെത്തിക്കഴിഞ്ഞ ശേഷം മാത്രമാണ് ചുംബന രംഗത്തെ കുറിച്ച് വിശാല്‍ പറഞ്ഞതെന്നും പക്ഷേ അത് സിനിമയുടെ മുന്നോട്ട് പോക്കിന് അത്യാവശ്യമാണെന്ന് ഷാഹിദ് തന്നെ ബോധ്യപ്പെടുത്തിയെന്നുമായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തല്‍. ആ രംഗത്തില്‍ അഭിനയിക്കുന്നതിനായി ഷാഹിദിന്‍റെ ഉറച്ച പിന്തുണ തനിക്ക് ലഭിച്ചുവെന്നും അസുഖകരമായ സാഹചര്യങ്ങളൊന്നും ഉണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.