Image: www.facebook.com/SaiPallavi.S

പ്രതിച്ഛായ മെച്ചപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കേണ്ട ആവശ്യം തനിക്കില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സായ് പല്ലവി. പി.ആര്‍ ഏജന്‍സിയെ വയ്ക്കാന്‍ താല്‍പര്യമുണ്ടോയെന്ന 'ബോളിവുഡ്' അന്വേഷണത്തോടായിരുന്നു താരത്തിന്‍റെ പ്രതികരണം. എന്തിനാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് പറഞ്ഞപ്പോള്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നാല്‍ മാത്രമേ ചലച്ചിത്ര രംഗത്ത് തുടരാനാകൂവെന്നായിരുന്നു ബോളിവുഡില്‍ നിന്ന് ലഭിച്ച ഉപദേശം. എന്നാല്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞ് നിന്നത് കൊണ്ട് വേഷങ്ങള്‍ കിട്ടില്ലെന്നും താന്‍ അഭിനയിച്ച സിനിമകള്‍ റിലീസാകുമ്പോള്‍ മാത്രമേ അഭിമുഖങ്ങള്‍ പോലും നല്‍കൂവെന്ന കാര്യം താന്‍ വ്യക്തമാക്കിയെന്നും സായ് പല്ലവി പറയുന്നു. 'ആളുകള്‍ എന്നെ കുറിച്ച് തന്നെ സംസാരിക്കുന്നത് കേള്‍ക്കുന്നത് എനിക്ക് ഭയങ്കര ബോറിങായാണ് തോന്നുന്നത്. എനിക്ക് ചേരില്ലെന്ന് തോന്നുന്ന ഒരുകാര്യവും ഞാന്‍ ചെയ്യില്ല' എന്നും അവര്‍ ആവര്‍ത്തിച്ചു.

'ഒരു സമയത്ത് ഒരു സിനിമ'യെന്നതാണ് തന്‍റെ തീരുമാനമെന്നും കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യമില്ലാത്ത റോളുകള്‍ താന്‍ സ്വീകരിക്കില്ലെന്നും സായ് പല്ലവി നേരത്തെ വ്യക്തമാക്കിയിരുന്നു. പി.ആര്‍ ചെയ്ത് സഹായിക്കാമെന്ന ബോളിവുഡില്‍ നിന്നുള്ള വാഗ്ദാനം താന്‍ നിരസിച്ചെന്നും താരം ഏറ്റവും പുതിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

2015ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായി പല്ലവി അരങ്ങേറ്റം കുറിച്ചത്. അങ്ങേയറ്റം ഗ്ലാമറസായ വേഷങ്ങളില്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടില്ലെന്ന താരത്തിന്‍റെ വാക്കുകള്‍ അന്ന് വലിയ ചര്‍ച്ചയായിരുന്നു. ജോര്‍ജിയയില്‍ നടന്ന ഡാന്‍സ് പരിപാടിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കെടുത്തിരുന്നു. അന്ന് ആ പരിപാടിക്ക് അനുയോജ്യമായ വസ്ത്രമാണ് ധരിച്ചത്. പ്രേമം റിലീസ് ചെയ്തതിന് പിന്നാലെ ആളുകള്‍ ആ ചിത്രങ്ങള്‍ എടുത്ത് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും ഇത് തന്നെ അസ്വസ്ഥയാക്കിയിരുന്നുവെന്നും സായ്പല്ലവി അന്ന് തുറന്ന് പറഞ്ഞിരുന്നു. കേവലം മാംസക്കഷ്ണമായി കാണുന്നവരെ തൃപ്തിപ്പെടുത്താന്‍ താനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

ചിത്രം; ഇന്ത്യാ ടുഡേ

ഒക്ടോബര്‍ 31ന് റിലീസാവാനിരിക്കുന്ന 'അമരന്‍' ആണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം കമല്‍ഹാസനാണ് നിര്‍മിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയനാണ് നായകന്‍. ധീരജവാനായ മേജര്‍ മുകുന്ദ് വരദരാജന്‍റെ ബയോപികാണ് ചിത്രം. മുകുന്ദിന്‍റെ ഭാര്യ ഇന്ദുവിന്‍റെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ശിവ് അരുറും രാഹുല്‍ സിങും ചേര്‍ന്നെഴുതിയ 'ഇന്ത്യാസ് മോസ്റ്റ് ഫിയര്‍ലെസ്; ട്രൂ സ്റ്റോറീസ് ഓഫ് മോഡേണ്‍ മിലിട്ടറി' എന്ന പുസ്തകത്തില്‍ നിന്നുമാണ് സിനിമ പ്രചോദനമുള്‍ക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ നാഗ ചൈതന്യയുമൊത്തുള്ള തണ്ടേലും വൈകാതെ തീയറ്ററുകളിലെത്തും. ശ്രീകാകുളത്തെ മല്‍സ്യത്തൊഴിലാളികളുടെ കഥപറയുന്നതാണ് ചിത്രം. 

ENGLISH SUMMARY:

Actor Sai Pallavi revealed that she was asked by someone in Bollywood if she wants to hire an agency to keep her in the news.