surya-vijay-viralvideo

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. തന്‍റെ പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് താരത്തിന്‍റെ ആശംസ. 

തന്‍റെ ഒരു സുഹൃത്ത് പുതിയ വഴിയില്‍ പുതിയ യാത്ര ആരംഭിക്കുകയാണ്. അദ്ദേഹം നന്നായി വരട്ടെയെന്നും സൂര്യ ആശംസിക്കുന്നു. സൂര്യ ആശംസ അറിയിക്കുന്ന വിഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 

കങ്കുവ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ നടൻ ബോസ് വെങ്കട്ട് സൂര്യ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് തലൈവരാകുന്നതെന്നും സൂര്യ ആ സ്ഥാനത്തേയ്ക്ക് വരണമെന്നുമായിരുന്നു ബോസ് വെങ്കട്ട് പറഞ്ഞത്. ഇതിനു മറുപടിയായിട്ടാണ് താരം വിജയ്‌യുടെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്. സൂര്യയുടെ വാക്കുകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കേട്ടത്. 

സൂര്യയെ കൂടാതെ, ഉദയനിധി സ്റ്റാലിന്‍, വിജയ് സേതുപതി, ജയം രവി, പ്രഭു എന്നിവരും ആശംസ നേര്‍ന്നു. തന്‍റെ ഒരുപാട് കാലമായുള്ള സുഹൃത്തിന് ആശംസകളെന്നാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ കുറിച്ചത്.

ഒക്ടോബർ 27 നാണ് വിജയ്‌യുടെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനം നടക്കുന്നത്. തമിഴ്‌നാട് വില്ലുപുരത്ത് 85 ഏക്കർ സ്ഥലത്താണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.