ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന സിനിമയായ മൈ ഡിയർ കുട്ടിച്ചാത്തൻ , മലയാളത്തിലെ ആദ്യ 70 എം.എം ചിത്രമായ പടയോട്ടത്തിന്റെയും സംവിധായകന്‍ ജിജോ പുന്നൂസ് ലിജോ ജോസ് പല്ലിശ്ശേരി അവതരിപ്പിച്ച ആദ്യ ചിത്രം 'പല്ലൊട്ടി 90 സ് കിഡ്സ്' കാണാനെത്തി. ഒരുകാലത്ത് ഹോളിവുഡിന് മാത്രം അവകാശപ്പെട്ടിരുന്ന നൂതനമായ സാങ്കേതിക വിദ്യകൾ ഇന്ത്യന്‍ സിനിമക്കു മുന്നില്‍ പ്രാവർത്തികമാക്കിയ സംവിധായകനായിരുന്നു ജിജോ പുന്നൂസ്.
നൊസ്റ്റാൾജിക്ക് ഓർമ്മകളുടെ കഥപറയുന്ന പല്ലൊട്ടി 90 സ് കിഡ്സ് തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്” റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, എന്നിവ നേടുകയും ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ് സൈജു കുറുപ്പ്, നിരഞ്ജന അനൂപ് സുധി കോപ്പ,ദിനേഷ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു.
സംവിധാകൻ ജിതിൻ രാജിൻറെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ദീപക് വാസൻ ആണ്. ഷാരോൺ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിങ്ങും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ.