പ്രസിദ്ധ ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒക്ടോബറിലെ ഒരു ഷോയ്ക്ക് ശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഷോയ്ക്ക് മുമ്പ് രോഹിത് ഐസിയുവിലായിരുന്നു.
ശ്രീനഗറിൽ ജനിച്ച രോഹിത് ബാൽ 1986ലാണ് തൻറെ കരിയർ ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യൻ ഫാഷൻ വ്യവസായത്തിലെ ഏറ്റവും വലിയ പേരുകളിലൊന്നായി രോഹിത് ബാല്‍ ഉയരുന്നതാണ് കണ്ടത്. 2006-ലെ ഇന്ത്യൻ ഫാഷൻ അവാർഡുകളിൽ 'ഡിസൈനർ ഓഫ് ദി ഇയർ', 2001-ൽ കിംഗ്ഫിഷർ ഫാഷൻ അച്ചീവ്‌മെൻ്റ് അവാർഡ് എന്നിവയും അദ്ദേഹം നേടി. 2012-ൽ ലാക്‌മെ ഗ്രാൻഡ് ഫിനാലെ ഡിസൈനർ ആയും രോഹിത് തിരഞ്ഞെടുക്കപ്പെട്ടു.
അടുത്ത കാലത്ത് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഫാഷന്‍ ലോകത്ത് നിന്നും വിട്ടുനിന്ന രോഹിത്, കഴിഞ്ഞ മാസം ലാക്‌മെ ഫാഷൻ വീക്ക് X FDCI ഗ്രാൻഡ് ഫിനാലെയിലൂടെ തിരിച്ചുവന്നിരുന്നു. ലാക്‌മെയുടെ ബ്രാൻഡ് അംബാസഡറും നടിയുമായ അനന്യ പാണ്ഡെയ്ക്കൊപ്പമാണ് അന്ന് രോഹിത് ബാൽ ഷോസ്റ്റോപ്പറായി റാംപിൽ നടന്നത്.
ഫാഷന്‍ ലോകത്തെ അതികായന്‍റെ മരണമറിഞ്ഞ് പല കോണുകളില്‍ നിന്നും അനുശോചനമുയരുകയാണ്. ഫാഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സമൂഹമാധ്യമത്തിലൂടെ രോഹിത്തിന് അനുശോചനം അറിയിച്ചു. 'അദ്ദേഹത്തിന്‍റെ കലാ പാരമ്പര്യവും നൂതനത്വവും പുരോഗമന ചിന്തയും ഫാഷൻ ലോകത്ത് എന്നും നിലനിൽക്കും,' ഫാഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കുറിച്ചു.