സിനിമയിലും മിനി സ്ക്രീനിലും തിളങ്ങുന്ന താരം രചന നാരായണന്‍കുട്ടി ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും പങ്കുവച്ച ചിത്രം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ഒരാളുടെ തോളില്‍ തലചായ്ച്ചിരിക്കുന്ന ഫോട്ടോയാണ് രചന പോസ്റ്റ് ചെയ്തത്. ലൈഫ്, ലവ് എന്നീ ഹാഷ്ടാഗുകളും ഒപ്പമുണ്ട്. നര്‍ത്തകിയും ശിഷ്യയുമായ ശരണ്യ മുരളിയാണ് ചിത്രം പകര്‍ത്തിയതെന്ന് ഫോട്ടോ ക്രെഡിറ്റില്‍ കാണാം.
ചിത്രം പോസ്റ്റ് ചെയ്തതോടെ രചന വിവാഹിതയാകുകയാണോ എന്ന ചോദ്യവുമായാണ് ആരാധകര്‍ എത്തുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും സ്നേഹം അറിയിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ച് രചന പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ കല്‍പ്പാത്തിയില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങള്‍ കൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
തൃശൂര്‍ സ്വദേശിയായ രചന നാരായണന്‍കുട്ടി വിവാഹമോചിതയാണ്. അധ്യാപികയായിരിക്കേ 2011ലായിരുന്നു അരുണ്‍ സദാശിവനുമായുള്ള വിവാഹം. 19 ദിവസം മാത്രമേ ആ വിവാഹബന്ധം നീണ്ടുനിന്നുള്ളു. മാനസികവും ശാരീരികവുമായ പീഡനം കാരണമാണ് ബന്ധം വേര്‍പെടുത്തേണ്ടിവന്നതെന്ന് താരം ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. ‘അത് കഴിഞ്ഞ കാര്യമാണ്. പത്തുവര്‍ഷം മുന്‍പാണ് അതൊക്കെ സംഭവിച്ചത്. എന്നാല്‍ ഇപ്പോഴും വിവാഹമോചനത്തെക്കുറിച്ചെല്ലാം സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്.’ അതൊക്കെ തരണം ചെയ്താണ് ഇപ്പോള്‍ ജീവിക്കുന്നതെന്ന് രചന പറയുന്നു.
‘19 ദിവസം മാത്രമാണ് ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിഞ്ഞത്. 2012ല്‍ത്തന്നെ വിവാഹമോചനം നേടി. എന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രംഗത്ത് വന്നത്. അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് ഡിപ്രഷന്‍ എന്ന വാക്കുതന്നെ അറിയില്ല. ആരാധകരായ ഒരുപാട് പേര്‍ വിളിക്കാറുണ്ട്. അവരോട് സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്. അങ്ങനെ മുന്നോട്ടുപോകാന്നു.'
സമൂഹമാധ്യമങ്ങളില്‍ സ്ഥിരസാന്നിധ്യമായ താരത്തിന്‍റെ പോസ്റ്റുകളും ചിത്രങ്ങളും ചര്‍ച്ചകള്‍ക്ക് വഴിതുറക്കാറുണ്ട്. ‘ഗോവിന്ദാ...ഗോവിന്ദാ, എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലാതാക്കുന്ന ഭഗവാന്റെ സന്നിധിയിൽ’ എന്ന കുറിപ്പിനൊപ്പം തിരുപ്പതിയില്‍ പോയി തലമൊട്ടയടിച്ച ചിത്രവും അഷ്ടമിരോഹിണി ദിനത്തില്‍ ‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ എന്ന ജ്ഞാനപ്പാനയിലെ വരികള്‍ക്കൊപ്പം ഭഗവാന്‍റെ ചിത്രം പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയാണ് രണ്ടാമത്തെ പോസ്റ്റ് ചര്‍ച്ചയായത്.