udan-panam-story

ഒരിക്കൽ മാത്തുവും കല്ലുവും കൂടെ ഒരു എടിഎമ്മും മഴവിൽ മനോരമയിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്ക് കടന്നു വന്നു. അമ്പരന്ന് നിന്നവർക്ക് കൈ നിറയെ സമ്മാനങ്ങൾ, ആ സമ്മാനങ്ങൾ കൊണ്ട് ജീവിതം മാറിയ അനേകം സാധാരണക്കാർ. ആയിരം എപിസോഡുകളെന്ന നിറവില്‍ നില്‍ക്കുമ്പോള്‍ 'ഉടൻ പണ'ത്തിന് പറയാനുള്ളത് സാധാരണക്കാരിൽ സാധാരണക്കാരുടെ കഥയാണ്.

അച്ഛന്‍റെ അപ്രതീക്ഷ വിയോഗത്തെപ്പറ്റി ശ്രീകല ‘ഉടൻ പണം’ ഫ്ലോറില്‍ നെഞ്ചുലഞ്ഞ് പറഞ്ഞപ്പോൾ ആ മകളുടെ കണ്ണീര്‍ കണ്ട് മലയാളിയും കരഞ്ഞു. 'മോളെ നീ ഒറ്റയ്ക്കല്ലാ, ഞങ്ങളുണ്ട് കൂടെ' എന്ന് കേരളം ഒന്നാകെ പറഞ്ഞു. 'പഠിച്ചുകൊണ്ടിരുമ്പോൾ അമ്മ വിളിച്ചുപറഞ്ഞു നാളെ സ്കൂളില്‍ പോകേണ്ടെന്ന്. അമ്മ വല്ലാതെ കരയുന്നുണ്ടായിരുന്നു, കാര്യം മനസിലായില്ല, പിന്നാലെ കാണുന്നത് സ്കൂളിലെ വാട്സ് ആപ് ഗ്രൂപ്പില്‍ അച്ഛന് ആദരാഞ്ജലി അറിയിച്ച് ചിത്രം' ശ്രീ കല അന്ന് പറഞ്ഞു. ശ്രീകലയെപ്പോലെ ഒരുപാടുപേർ, അങ്ങനെ കണ്ണീരും ചിരിയും ഇണക്കവും പിണക്കവും പ്രണയവും സൗഹൃദവുമെല്ലാം ഉടൻ പണം വേദിയിൽ നിറഞ്ഞു.

akhilamol-udan

മലയാളികളുടെ നെഞ്ചിൽ ഉണങ്ങാത്ത മുറിവാണ് ചൂരൽ മല ദുരന്തം. ഒരിക്കൽ ചൂരൽ മലയിലെത്തിയപ്പോൾ നിഷ്കളങ്കമായ ചിരിയും അസ്സൽ പാലക്കാടൻ ശൈലിയിലുള്ള വർത്തമാനവുമായി എത്തിയ നാണിയമ്മൂമ്മയെ അവതാരകരായ മാത്തുക്കുട്ടിക്കും കലേഷും ഓർത്തെടുത്തിരുന്നു. സന്തോഷം നിറഞ്ഞ ഒരു എപ്പിസോഡായിരുന്നു അത്. പാലക്കാട് നിന്ന് വയനാട് വരെയുള്ള തൻ്റെ ജീവിതം അന്ന് നാണിയമ്മ പറഞ്ഞു. അമ്പതിനായിരം രൂപ കിട്ടിയ സന്തോഷത്തിൽ മാത്തുക്കുട്ടിക്കും കലേഷിനുമൊപ്പം ചുവടുവച്ചും പാട്ടുപാടിയുമാണ് നാണിയമ്മ അന്ന് വേദിവിട്ടത്.

naniyamma-udan-ori

ആറുമാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിലെ കാത്തിരിപ്പിനിടെ എഴുതിയിട്ട പേരിൽനിന്ന് നറുക്കുവീണ എറണാകുളം പഴംതോട്ടം സ്വദേശിനി അഖിലമോൾക്ക് സ്വപ്ന നേട്ടമാണ് ഉടൻ പണം സമ്മാനിച്ചത്. അപൂർണമായ വീട്, ഭർതൃപിതാവിന്‍റെ ചികിൽസ, സ്ഥിര വരുമാനത്തിനൊരു മാർഗം അങ്ങിനെ സ്വപ്നങ്ങൾ നിരവധിയായിരുന്നു. മൂന്നുലക്ഷം രൂപയുമായാണ് അഖില അന്ന് വേദി വിട്ടത്. തീർന്നില്ല, പതിനഞ്ചാമത്തെ വയസിലാണ് അവസാനമായി ടിവി കണ്ടതെന്നു അഖില പറഞ്ഞപ്പോൾ പിന്നാലെ ടിവി നല്‍കി അവതാരകനും നടനുമായ ജയറാമുമെത്തി. പിറ്റേദിവസം തന്നെ അഖിലക്ക് ടിവിയെത്തി. 

akhila-origina

ഇത്ര വലിയ തുക ജീവിതത്തിൽ കണ്ടിട്ടു പോലുമില്ലെന്നാണ് 'ഉടൻ പണ'ത്തിന്‍റെ വേദിയിൽ അഞ്ജു സെൽവരാജ് പറഞ്ഞത്. ലോൺ അടവ് മുടങ്ങി എന്തു ചെയ്യുമെന്നറിയാതെ സങ്കടത്തിലിരിക്കുമ്പോഴാണ് ‘ഉടൻ പണ’ത്തിൽ മൽസരിക്കാൻ അവസരം ലഭിച്ചതും വിജയി ആകുന്നതും.

സമാന അനുഭവമാണ് ഹസീനയുടേതും. അമ്മയുടെ വയറ്റിൽ വളരുന്ന സമയത്തുതന്നെ പിതാവ് ഉപേക്ഷിച്ചു പോയതിനാൽ അനാഥയാക്കപ്പെട്ട ഉമ്മയും മകളും. ദാരിദ്ര്യത്തിന്റെ നടുക്കടലിൽ ജീവിതം. ബന്ധുക്കൾ പോലും സഹായിക്കാനില്ല. താമസിക്കുന്ന വീട് ജപ്തി ചെയ്യുന്ന സാഹചര്യം ഉണ്ടായതോടെ മറ്റൊരു വീട്ടിലേയ്ക്ക് മാറേണ്ടി വന്നപ്പോഴാണ് ‘ഉടൻ പണം’ സഹായ ഹസ്തമാകുന്നത്.

എറണാകുളം കുമ്പളം സ്വദേശി വിഷ്ണു തങ്കച്ചന് ലഭിച്ചത്  ഉടൻ പണം 3.0 യുടെ പുതുവത്സര സമ്മാനമായ 10 ലക്ഷമായിരുന്നു. പ്രേക്ഷകർക്ക് ഒപ്പം കളിച്ച് സമ്മാനം നേടാനുള്ള അവസരമാണ് ദിവസക്കൂലിക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന വിഷ്ണുവിന് ഭാഗ്യം കൊണ്ടു വന്നത്. 

ഉടൻ പണം 3.0 യിലൂടെ 10 ലക്ഷം വീട്ടിലിരുന്നാണ് പാലക്കാട് സ്വദേശി ഹർഷ സഞ്ജിത്ത് കളിച്ചു നേടിയത്. നേട്ടത്തെക്കുറിച്ച് അന്ന് ഹർഷയുടെ വാക്കുകളിങ്ങനെ: പ്രണയവിവാഹമായിരുന്നു. വീട്ടുകാർ എതിർപ്പിലാണ്. ഭർത്താവിന്റെ അച്ഛന്റെ ഓപ്പറേഷന് പണം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉടൻ പണത്തിൽ മത്സരിക്കുന്നത്. ഈ പണംകൊണ്ട് അച്ഛന്റെ ഓപ്പറേഷൻ നടത്തണം. പണയത്തിലുള്ള വീട് തിരിച്ചെടുക്കണം. മുന്നോട്ട് പഠിക്കണം...' വീട്ടുകാരെ വേദനിപ്പിച്ചതിന് ഹർഷയും സഞ്ജിത്തും ഷോയിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

സ്വന്തം ജീവനേക്കാൾ വലുതാണ് സ്നേഹമെന്നും സൗഹൃദമെന്നും ജീവിതം കൊണ്ട് കാണിച്ചു കൊടുത്ത തൃശൂർ സ്വദേശി ജോൺ കിടങ്ങൻ്റെയും അതിജീവനത്തിന്‍റെ പ്രതിരൂപമായ രാജി ടീച്ചറുടെയും കഥ കേട്ട് മലയാളിയുടെ കണ്ണു നനഞ്ഞതും ഉടൻ പണം വേദിയിലാണ്.

മരണത്തിന്റെ വക്കിലെത്തിയ സുഹൃത്തിന് സ്വന്തം കിഡ്നി ദാനം ചെയ്ത ശേഷം മരണത്തിന്റെ വക്കോളമെത്തിയ ജീവിതമാണ് ജോണിന്‍റെത്. കിഡ്നി സ്വീകരിച്ച സുഹൃത്ത് ജീവിതത്തിലേക്ക് മടങ്ങി വന്നപ്പോൾ കിഡ്നി നൽകിയ ജോണിന് വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നു. ആ തിരിച്ചു വരവിന്‍റെ കഥ ജോൺ പറയുമ്പോൾ കുടുംബത്തിന്റെയും കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും കൈപിടിച്ച്, കാൻസറിനെ പോരാടി ജയിച്ച കഥയായിരുന്നു രാജി ടീച്ചർക്ക് പറയാനുണ്ടായിരുന്നത്.

ഇങ്ങനെ ഉടൻ പണത്തിന്‍റെ വേദിയിലെത്തി ജനം ചേർത്തു പിടിച്ചവരും ജീവിതം മാറി മറിഞ്ഞവരും അനവധിയാണ്. ഒടുവിൽ, ഓട്ടോറിക്ഷ ജീവനക്കാരനായ അച്ഛന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി, നീറ്റ് എൻട്രന്‍സ് ജയിച്ച് മെറിറ്റില്‍ തൃശൂർ ഗവൺമെന്റ് മെഡിക്കല്‍ കോളേജിൽ പ്രവേശനം നേടിയ ആതിര എന്ന മിടുക്കിക്ക്, രഹസ്യ അറ തുറന്ന് ഒരു പവന്‍ സ്വര്‍ണ്ണനാണയം നല്‍കി യാത്രയച്ചാണ് ഉടന്‍ പണം-5 ന് എ.ടി.എം തിരശ്ശീലയിട്ടത്. അഞ്ച് പതിപ്പുകളുമായി ആയിരം എപ്പിസോഡുകള്‍ എത്തുമ്പോള്‍ 14 കോടിയിലധികം രൂപയാണ് ഇതിനകം മല്‍സരാര്‍ത്ഥികളും, മനോരമ മാക്സ് ഒക്കോങ്ങിലൂടെ പ്രേക്ഷകരും ചേര്‍ന്ന് എ.ടി.എമ്മില്‍ നിന്നും നേടിയെടുത്തത്. 

മലയാള ടെലിവിഷൻ ചരിത്രത്തിൽ ചരിത്രം കുറിച്ച ആ റിയാലിറ്റി ഷോയാണ് ആയിരം എപ്പിസോഡിന്‍റെ നിറവിലെത്തിയിരിക്കുന്നത്. ഈ യാത്രയിൽ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഏഴ് അവതാരകരും ഒരുമിച്ച് മഴവില്‍ മനോരമയിലെത്തുകയാണ്. നവംബര്‍ 4 മുതല്‍ 8 വരെ രാത്രി 8.30ന് ആ അത്യപൂര്‍വ്വമായ കാഴ്ച്ചയ്ക്ക്  സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കോളൂ...

ENGLISH SUMMARY:

Mazhavil Manorama's superhit program is set to reach 1,000 episodes. Read the captivating stories of people whose lives have been changed by the program.