മലയാളികള്‍ക്ക് ഏറെ പരിചിതമായ യുട്യൂബറാണ് ദിയ കൃഷ്ണ. യുട്യൂബില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട് ദിയയ്ക്ക്. ഇത് കൂടാതെ, 'ഓ ബൈ ഓസി' എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭവും ദിയയ്ക്ക് സ്വന്തമായുണ്ട്. ദിയയുടെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വിറ്റ ആഭരണം മോശമായിരുന്നു എന്ന റിവ്യൂകളും അതിനുള്ള മറുപടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച.
ഏകദേശം മൂന്ന് ലക്ഷത്തിനോടടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാംഗമായ സംഗീതയാണ് ദിയക്കെതിരെ രംഗത്തുള്ളത്. ഒരു മാലയും രണ്ടു കമ്മലുമാണ് ദിയയുടെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും സംഗീത വാങ്ങിയത്. എന്നാല്‍ ബോക്സ് തുറന്നു നോക്കിയപ്പോള്‍ മാലയിലെ കല്ലുകളില്‍ ചിലത് ഇളകി കിടക്കുകയായിരുന്നെന്നാണ് പരാതി . മാത്രമല്ല കമ്മലിന്റെ പെയറിലൊന്ന് പായ്ക്കില്‍ ഇല്ലായിരുന്നു എന്നും സംഗീത ആരോപിക്കുന്നു.
ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ തന്റെ കൈവശമുണ്ട് . എന്നാല്‍ പരാതിപ്പെടാന്‍ വിളിച്ചിട്ട് യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി സംഗീത യുട്യൂബ് ചാനലില്‍ വിഡിയോ ചെയ്തു. വാങ്ങിയ മാലയും കമ്മലും മാറ്റികിട്ടണമെങ്കില്‍ അണ്‍ബോക്സിങ് വീഡിയോ വേണമെന്ന് ആവശ്യപ്പെട്ടതായും സംഗീത പറഞ്ഞു.
ദിയയുടെ സ്റ്റോറില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിയതെന്ന് പറയാതെയായിരുന്നു സംഗീതയുടെ യുട്യൂബ് വിഡിയോ. എന്നാല്‍, സംഗീതയുടെ വിഡിയോയ്ക്ക് പിന്നാലെ പ്രതികരണങ്ങളുമായി ഒട്ടേറെപേര്‍ വിഡിയോകളുമായി യു ട്യൂബിലെത്തി. ഇതിനുള്ള മറുപടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദിയ നല്‍കിയത്.
തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ ഇത്തരം ഫാഷന്‍ ഉല്പന്നങ്ങള് വാടകയ്ക്ക് കൊടുക്കുന്നവരാണ്. ഈ സ്ത്രീയുടെ പേരിലും ഇത്തരത്തിലുള്ള ഒട്ടേറെ പരാതികള്‍ വന്നിട്ടുണ്ട്. അതിനു തെളിവായി സംഗീതയ്ക്കെതിരെ മറ്റൊരാള്‍ ആരോപണം ഉന്നയിച്ചതിന്റെ സ്ക്രീന്‍ ഷോട്ടും ദിയ പങ്കുവച്ചു. കണ്ടന്റുണ്ടാക്കാന്‍ പല യുട്യൂബ് ചാനലുകളും ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഉപ്പും മുളകും ഫാമിലി ലൈറ്റ് ചെയ്തിരിക്കുന്നത് അതാണെന്നും ദിയ മറുപടി നല്കി.
ദിയയ്ക്കെതിരെ ആരോപണം വന്നയുടനെ ഒട്ടേറെ യുട്യൂബേഴ്സ് പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് ദിയ നേരിട്ടത്. പിന്നാലെയാണ് തന്റെ ഭാഗം വിശദീകരിച്ചുള്ള ദിയയുടെ മറുപടി.