കുറേ നാളായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ലുക്ക് വെള്ളത്താടിയുള്ള മുഖമായിരുന്നു. ആ താടി തല്‍ക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. പുതിയ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചു. നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. ഒറ്റക്കൊമ്പന്‍ എന്തായെന്നാണ് കൂടുതല്‍ പേരും ചോദിക്കുന്നത്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് ഈ പ്രോജക്ട് താൽക്കാലികമായി നീട്ടിവച്ചതായും റിപ്പോർട്ട് ഉണ്ട്.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നും അഭിനയിക്കാൻ അനുവാദം ലഭിക്കാത്തിനെ തുടർന്ന് സിനിമ ഇതുവരെയും തുടങ്ങാൻ സാധിച്ചിരുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു.