പാട്ടിനും ഡാന്‍സിനും പുറമെ ഗായിക റിമി ടോമി തന്റെ യാത്രാവിശേഷങ്ങള്‍ കൂടി പ്രേക്ഷകരോട് വിഡിയോയിലൂടെ പങ്കുവക്കാറുണ്ട്. ഇവിടെയിതാ അസര്‍ബൈജാനിലെ ബാക്കുവിലെത്തിയ റിമി ഒരു റസ്റ്റോറന്റ് വിശേഷമാണ് പറയുന്നത്. സ്പെഷ്യല്‍ മട്ടന്‍ ബിരിയാണിയെന്ന് കേട്ടാണ് ഓര്‍ഡര്‍ ചെയ്തത്. അല്‍പസമയത്തെ കാത്തിരിപ്പിനു ശേഷം വന്നതാകട്ടെ ഒരു ബക്കറ്റും ഒരു വലിയ കഷ്ണം ബ്രഡും. പിന്നാലെ ഹോട്ടല്‍ ജീവനക്കാരന്‍ മറ്റൊരു ബക്കറ്റുമായി വന്ന് വെള്ളം ഒഴിക്കുന്നു, പിന്നാലെ റിമിക്കു മുന്‍പില്‍ പുക നിറയുന്നു. ഇതെല്ലാം കണ്ട് അമ്പരന്ന് അയ്യോ അയ്യോ എന്നു വിളിക്കുന്നുണ്ട് റിമി.
ഈ അമ്പരപ്പിനു പിന്നാലെ സ്പൂണും ഫോര്‍ക്കുമുപയോഗിച്ച് ജീവനക്കാരന്‍ ആ വലിയ കഷ്ണം ബ്രഡ് മുറിക്കുന്നു, ഉള്ളില്‍ പുകയുയരുന്ന മട്ടന്‍ ബിരിയാണി. ഷഹറായസ് എന്നു പേരുള്ള സ്പെഷ്യല്‍ ബിരിയാണിയാണിത്. ജീവനക്കാരനോട് സ്പെഷ്യല്‍ ഐറ്റത്തിന്റെ പേര് ചോദിക്കുന്നതും പിന്നാലെ ബിരിയാണി രുചിച്ചു നോക്കുന്നതുമാണ് വിഡിയോയില്‍. മസാലയും നട്സും നിറഞ്ഞ സ്പെഷ്യല്‍ ഐറ്റമാണെന്നും കൊള്ളാമെന്നും പറയുന്നുണ്ട് റിമി.
അതേസമയം വിഡിയോയുടെ താഴെ രസകരമായ കമന്റുകളും ഗൗരവമേറിയ ഉപദേശങ്ങളും നല്‍കുന്നുണ്ട് റിമിക്ക് സോഷ്യല്‍മീഡിയ. ഡ്രൈ ഐസ് ആണെന്നും അത് ശ്വസിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും ചിലര്‍ പറയുന്നു. കൊതുകു വരാതിരിക്കാനാണ് പുകയിട്ടതെന്നും ചില വിദ്വാന്‍മാര്‍ കണ്ടെത്തുന്നു. ഇതെല്ലാം കൂടി അനുഭവിച്ചപ്പോള്‍ ഏതോ സ്വര്‍ഗലോകത്തെത്തിയ ഫീലാണെന്നും റിമി കൂട്ടിച്ചേര്‍ക്കുന്നു.