രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യില്‍ തമിഴിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ ശിവകാര്‍ത്തികേയന്‍ സുപ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രചാരണം ആഴ്ചകളായുണ്ട്. ശിവകാര്‍ത്തികേയന്‍ നായകനായ ‘അമരന്‍’ ബോക്സോഫീസില്‍ തരംഗം തീര്‍ക്കുമ്പോഴാണ് ഈ പ്രചാരണം ശക്തിപ്പെട്ടത്. രജനീകാന്തിന്‍റെ കടുത്ത ആരാധകനായ ശിവ ഈ റോള്‍ ഏറ്റെടുത്താല്‍ താരത്തിന്‍റെ കരിയറില്‍ മറ്റൊരു വഴിത്തിരിവായി മാറുകയും ചെയ്യുമായിരുന്നു. രജനീകാന്തിനെപ്പോലെ എളിയ ജീവിതസാഹചര്യങ്ങളില്‍ നിന്ന് സ്വന്തം അധ്വാനം കൊണ്ടുമാത്രം തമിഴ് സിനിമയില്‍ സ്വന്തം ഇടം നേടിയെടുത്ത താരമാണ് ശിവകാര്‍ത്തികേയന്‍.
എന്നാല്‍ അഭ്യൂഹങ്ങളില്‍ അടിസ്ഥാനമില്ലെന്ന് ശിവകാര്‍ത്തികേയന്‍ സ്ഥിരീകരിച്ചു. ‘കൂലിയില്‍ ഞാന്‍ ഇല്ല. സംവിധായകന്‍ ലോകേഷും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ‘മാവീരന്‍’ സിനിമയുടെ സംവിധായകന്‍ മഡോണ്‍ അശ്വിന്‍ ഉള്‍പ്പെടെ ഞങ്ങളുടെ ഒരു ചെറിയ സൗഹൃദസംഘമുണ്ട്. ഞങ്ങള്‍ മിക്കപ്പോഴും ഒന്നിച്ച് കൂടാറുമുണ്ട്. അങ്ങനെയാകാം ഇത്തരമൊരു അഭ്യൂഹം ഉണ്ടായത്. ‘കൂലി’യുടെ ഷൂട്ടിങ് നടക്കുന്നത് എന്‍റെ വീടിനടുത്താണ്. ‘അമരന്‍റെ’ പ്രൊമോഷന്‍ പരിപാടികള്‍ കഴിഞ്ഞ ശേഷം ആരാധകനെന്ന നിലയില്‍ തലൈവരെ (രജനീകാന്ത്) കാണാന്‍ സെറ്റില്‍ പോകാറുമുണ്ട്. അത് മാത്രമാണ് ‘കൂലി’യുമായുള്ള എന്‍റെ കണക്ഷന്‍...’ എസ്.കെ. പറഞ്ഞു.
വമ്പന്‍ താരനിരയെയാണ് ലോകേഷന് കനകരാജ് ‘കൂലി’യില്‍ അണിനിരത്തുന്നത്. നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും സുപ്രധാനവേഷത്തിലെത്തുന്നു. ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും.
അതേസമയം 200 കോടി ക്ലബില്‍ ഇടംപിടിച്ച് മുന്നേറുകയാണ് ശിവകാര്‍ത്തികേയന്‍റെ ‘അമരന്‍’. ചിത്രത്തിന്‍റെ ഹിന്ദി റിലീസിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും സംഘവും. സായി പല്ലവി നായികവേഷത്തിലെത്തിയ ‘അമരന്‍’ കശ്മീരില്‍ ഭീകരവിരുദ്ധപോരാട്ടത്തില്‍ വീരമൃത്യു വരിച്ച മേജന്‍ മുകുന്ദ് വരദരാജന്‍റെ ജീവിതകഥയാണ്.