തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ്(80) ചെന്നൈയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. നാന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. ഇന്ത്യന്‍ 2 ആണ് അവസാന ചിത്രം. കാലാപാനി, ധ്രുവം, ദേവാസുരം തുടങ്ങിയ മലയാള ചിത്രങ്ങളിലും വേഷമിട്ടു. 1964 മുതല്‍ 1974 വരെ വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും.
1944 ഓഗസ്റ്റ് ഒന്നിന് ജനിച്ച ഗണേഷ് 1976 ല്‍ 'പട്ടണപ്രവേശം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. കെ. ബാലചന്ദറായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. അപൂര്‍വ സഹോദരങ്ങള്‍, ആഹാ, തെനാലി, എങ്കമ്മ മഹാറാണി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.
1979 ല്‍ പാസിയിലെ പ്രകടനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1994 ല്‍ കലൈമാമണി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സ്വഭാവ നടന് പുറമെ കമല്‍ഹാസനും, രജിനീകാന്തിനും വിജയകാന്തിനുമെല്ലാമൊപ്പം വില്ലനായും,സുഹൃത്തായുമെല്ലാം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.