ചോദ്യം ഏതുമാകട്ടെ ഉരുളയ്ക്ക് ഉപ്പേരി എന്ന തരത്തിലാണ് സലീം കുമാറിന്‍റെ മറുപടികള്‍. സലീം കുമാര്‍ പറയുന്ന തഗ്ഗുകള്‍ക്ക് സിനിമയിലും ജീവിതത്തിലും വലിയ കയ്യടി കിട്ടാറുണ്ട്. അത്തരത്തിൽ, സോഷ്യൽ മീഡിയയിലെ തന്ത വൈബ്, അമ്മാവൻ വിളികൾക്ക് സലിം കുമാർ നൽകിയ മറുപടിയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മലയാള മനോരമയുടെ ഹോര്‍ത്തൂസ് സാഹിത്യോത്സവത്തിൽ വച്ചായിരുന്നു സലിം കുമാറിന്റെ മാസ് മറുപടി. ‘പഴയ തലമുറയിൽ നിന്ന് കൊണ്ട് പുതിയ തലമുറയോട് കാര്യങ്ങൾ ശരിയല്ലെന്ന് പറയുന്നവരെ അമ്മാവൻ, തന്ത വൈബ് എന്നൊക്കെയാണ് വിളിക്കുന്നത്’എന്നായിരുന്നു ചോദ്യം. 

സലീം കുമാറിന്‍റെ മറുപടിയാകട്ടെ ഒന്നൊന്നര മറുപടിയും, ‘അവര്‍ എന്ത് വേണേലും വിളിക്കട്ടെ. പഴയ കാലഘട്ടക്കാരെ അമ്മാവൻ എന്നോ അപ്പൂപ്പൻ എന്നോ എന്ത് വേണേലും വിളിക്കട്ടെ. ഞാനൊന്ന് ചോദിക്കട്ടെ. ഈ 2കെ ചില്‍ഡ്രന്‍സ് എന്താണ് കണ്ടുപിടിച്ചത്? കമ്പ്യൂട്ടർ കണ്ടുപിടിച്ചത് അവരല്ല. അതവർ ഉപയോഗിക്കുന്നുണ്ട്. മൊബൈൽ ഫോൺ കണ്ടുപിടിച്ചത് അവരല്ല. അത് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളുടെ തലമുറയിൽപ്പെട്ട ആളുകൾ കണ്ടുപിടിച്ച സാധനങ്ങൾ ഉപയോഗിക്കാന്‍ വേണ്ടി ഒരു വര്‍ഗം. അതാണ് ന്യൂ ജെന്‍. അവർ കണ്ടുപിടിച്ചിട്ടുണ്ട് 'ഗയ്സ് ഇവിടെ നല്ല ചായ കിട്ടും ഗയ്സ്', എന്നല്ലാതെ.. അവരുടെ തലമുറ കണ്ടുപിടിച്ചെന്ന് പറയാന്‍ അവര്‍ക്കെന്തുണ്ട്’, എന്നായിരുന്നു സലിം കുമാറിന്റെ മറുപടി. ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ENGLISH SUMMARY:

Salim Kumar's mass response to Thanta Vibe calls