സോഷ്യല്‍ മീഡിയയിലോകെ ചര്‍ച്ച സൂര്യ ചിത്രം കങ്കുവയാണ്. അത്രത്തോളം നെഗറ്റീവ് റിവ്യു ആണ് ചിത്രത്തിന് ലഭിക്കുന്നത്. ശിവ ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നില്ലെന്നും പഴകിയ തിരക്കഥയും കണ്ടുമടുത്ത മുത്തശിക്കഥയും ചിത്രത്തിന് തിരിച്ചടിയായെന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തെ പറ്റി രജനികാന്ത് പറഞ്ഞ വാക്കുകളാണ് വൈറല്‍.
'അണ്ണാത്തെ ചിത്രം ചെയ്യുമ്പോൾ ഞാൻ ശിവയോട് പറഞ്ഞിരുന്നു എനിക്ക് വേണ്ടി ഒരു പീരിയഡ് സിനിമ ചെയ്യാന്‍. ശിവയും കെ ഇ ജ്ഞാനവേലും ഒന്നിച്ചാൽ അത് നല്ലതായിരിക്കുമെന്നും പറഞ്ഞു. കങ്കുവ എനിക്ക് വേണ്ടി നിർമ്മിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്, തുടർന്ന് സ്റ്റുഡിയോ ഗ്രീനിലേക്കും സൂര്യയിലേക്കും പോയി' രജനികാന്ത് പറഞ്ഞു. സൂര്യയുടെ കഴിവും പെരുമാറ്റവും എല്ലാം എല്ലാവർക്കും അറിയുന്നതാണ്. സൂര്യയെ പോലൊരു ജെന്റിൽമാൻ ഇൻഡസ്ട്രിയിൽ വേറെയില്ല. വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലെ സൂര്യയുടേത്. ബ്രഹ്മാണ്ഡ ചിത്രത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
നെഗറ്റീവ് റിവ്യൂകള്‍ക്കിടെയിലും സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കങ്കുവയുടെ ആദ്യദിന ആഗോള ഗ്രോസ് മികച്ച നിലയില്‍. 58 കോടി 62 ലക്ഷം രൂപയാണ് ആഗോള ഗ്രോസ് ആയി ചിത്രം ആദ്യദിനം നേടിയത്. കളക്ഷന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവന്നു. സൂര്യയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ആദ്യദിന ആഗോള കളക്ഷന്‍ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സംഖ്യയാണെന്നാണ് റിപ്പോര്‍ട്ട്.ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിലെത്തിച്ചത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തോടുള്ളത്. സൂര്യയുടെ ഏറ്റവും മോശം ചിത്രം എന്ന തരത്തിലും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം കേരളത്തില്‍ നിന്നും പലരും വിളിച്ച് മികച്ച അഭിപ്രായം പറഞ്ഞെന്ന് സംവിധായകന്‍ ശിവ പറഞ്ഞിരുന്നു.