തമിഴ് സൂപ്പര്‍ താരം നയന്‍താര, നടനും നിര്‍മാതാവും സംവിധായകനുമായ ധനുഷിനെതിരെ പുറത്തുവിട്ട തുറന്ന് കത്ത്, തീക്കാറ്റായി ആഞ്ഞടിക്കുകയാണ്. തമിഴകത്തും സിനിമാലോകം മുഴുവനും. നയന്‍താരയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് തയാറാക്കിയ ഡോക്യുമെന്‍ററിയില്‍ ധനുഷ് നിര്‍മിച്ച നയന്‍സ് ചിത്രം, ‘നാനും റൗഡി താനി’ന്‍റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉപയോഗിക്കാന്‍ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയന്‍താര അന്ന് മൊബൈലില്‍ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെന്‍ററിയില്‍ ചേര്‍ത്തത്. ഇതുള്‍പ്പെട്ട ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് നോട്ടിസയച്ചു.
3 സെക്കന്‍റ് വിഷ്വലിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യംചെയ്ത് നയന്‍താര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഇട്ടു. ധനുഷിന്‍റെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയുമെല്ലാം അതിരൂക്ഷമായി വിമര്‍ശിക്കുന്നതാണ് കത്ത്. ഇതിന്‍റെ ഉളളടക്കത്തോട് ധനുഷോ ഒപ്പമുള്ളവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ധനുഷിനൊപ്പമോ അദ്ദേഹം നിര്‍മിച്ച സിനിമകളിലോ അഭിനയിച്ചിട്ടുള്ള പല താരങ്ങളും നയന്‍താരയെ പിന്തുണച്ച് പരസ്യമായി രംഗത്തുവരികയും ചെയ്തു. എന്താണ് ശരിക്കും നയന്‍താരയും ധനുഷും തമ്മില്‍ ഇത്ര വൈരാഗ്യം ഉണ്ടാകാനിടയായ കാരണം?
2014ല്‍ നയന്‍താരയെ നായികയാക്കി ധനുഷ് നിര്‍മിച്ച ചിത്രമാണ് നാനും റൗഡി താന്‍’. നയന്‍താരയുടെ ജീവിതപങ്കാളി വിഘ്നേഷ് ശിവന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. താനും വിഘ്നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റില്‍വച്ചാണെന്ന് നയന്‍താര പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. സംവിധായകന്‍ നായികയോട് അടുപ്പം സ്ഥാപിച്ചത് നിര്‍മാതാവെന്ന നിലയില്‍ ധനുഷിനെ കാര്യമായി അലോസരപ്പെടുത്തിയിരുന്നുവെന്നാണ് കഥ. ഇതുകാരണം ചിത്രീകരണത്തിന്‍റെ ഒഴുക്ക് നഷ്ടപ്പെടുകയും പ്രൊഡക്ഷന്‍ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്ന് ധനുഷ് പറയുന്നു. ഇതേച്ചൊല്ലി പലതവണ തര്‍ക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തില്‍ ചിത്രം തന്നെ ഉപേക്ഷിക്കാന്‍ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തില്‍ ധനുഷ് വേണ്ടത്ര പണം നല്‍കാത്തതിനാല്‍ നയന്‍താര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂര്‍ത്തിയാക്കിയതെന്ന് സിനിമാ നിരീക്ഷകന്‍ രമേഷ് ബാല പറയുന്നു.
ഒടുവില്‍ ഒട്ടേറെ തടസങ്ങള്‍ മറികടന്ന് ‘നാനും റൗഡി താന്‍’ റിലീസ് ചെയ്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ആയിരുന്നു ആ ചിത്രം. നിര്‍മാതാവെന്ന നിലയില്‍ ധനുഷിന്‍റെയും താരപദവയിലേക്കുള്ള യാത്രയില്‍ നയന്‍താരയുടെയും സംവിധായകനെന്ന നിലയില്‍ വിഘ്നേഷ് ശിവന്‍റെയും മൂല്യം വന്‍തോതില്‍ ഉയര്‍ത്തിയ ചിത്രമായിരുന്നു ‘നാനും റൗഡി താന്‍’. എന്നാല്‍ സിനിമയുടെ ചിത്രീകരണവേളയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ റിലീസിനുശേഷവും അവസാനിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത് പലപ്പോഴും പരസ്യമായിത്തന്നെ സംഭവിക്കുകയും ചെയ്തു. ‘നാനും റൗഡി താനി’ലെ പ്രകടനത്തിന് മികച്ച നടിക്കുന്ന അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് നയന്‍താര ധനുഷിനെ കുത്തിപ്പറഞ്ഞത് ഒരു ഉദാഹരണം മാത്രം. ‘എന്‍റെ സിനിമയുടെ നിര്‍മാതാവിന് എന്‍റെ അഭിനയം ഇഷ്ടപ്പെട്ടിട്ടില്ല. നിരാശപ്പെടുത്തിയതിന് സോറി ധനുഷ്...’ എന്ന് ധനുഷ് സദസില്‍ ഇരിക്കുമ്പോള്‍ത്തന്നെ പറഞ്ഞകാര്യവും രമേഷ് ബാല ഓര്‍ത്തെടുക്കുന്നു.
ഷോ ബിസിനസിലെ വൈരാഗ്യങ്ങളൊക്കെ അതില്‍ ഉള്‍പ്പെട്ടവരുടെ വിജയത്തിന്‍റെ ഏറ്റക്കുറച്ചിലുകളനുസരിച്ച് പരിഹരിക്കപ്പെട്ടുപോകുന്നതാണ് സാധാരണ കാണാറ്. ഈ വിവാദത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരും കരിയറില്‍ വലിയ ഉയരങ്ങള്‍ താണ്ടിയിട്ടും 10 വര്‍ഷമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്. നയന്‍താര–വിഘ്നേഷ് വിവാഹത്തിന് ധനുഷിന് ക്ഷണമുണ്ടായിരുന്നില്ല എന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതുവരെ വെളിപ്പെടുത്താത്ത വന്‍തുക വാങ്ങിയാണ് വിവാഹദൃശ്യങ്ങളുടെ സ്ട്രീമിങ് അവകാശവും ഡോക്യുമെന്‍ററി ചിത്രീകരിക്കാനുള്ള അവകാശവും നയന്‍താര നെറ്റ്ഫ്ലിക്സിന് നല്‍കിയത്.
ജീവിതത്തിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ സംഭവിച്ച സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങളും പാട്ടുകളുമൊക്കെ തന്‍റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താന്‍ നയന്‍താരയും അവരുടെ പങ്കാളിയും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. അതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ച് രണ്ടുവര്‍ഷം ധനുഷിന്‍റെ പിന്നാലെ നടന്നുവെന്ന് നയന്‍താര പറയുന്നു. തമിഴ് സിനിമയിലെ പല പ്രമുഖരെക്കൊണ്ടും പറയിച്ചിട്ടും ധനുഷ് നിലപാട് മാറ്റിയില്ല. അതിനുശേഷമാണ് ഫോണിലുണ്ടായിരുന്ന 3 സെക്കന്‍റ് ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയത്. 10 കോടിയുടെ വക്കീല്‍ നോട്ടിസയച്ച് ധനുഷ് തിരിച്ചടിച്ചു.
നയന്‍താരയെ പിന്തുണച്ച് മലയാളി താരങ്ങളടക്കം ഒട്ടേറെപ്പേര്‍ രംഗത്തുവന്നുകഴിഞ്ഞു. ധനുഷിനെ അനുകൂലിക്കുന്നവര്‍ വിരളവുമാണ്. വിവാദങ്ങളോടും തുറന്ന കത്തിനോടും ധനുഷിന്‍റെ പ്രതികരണമാണ് സിനിമാലോകവും ആരാധകരും കാക്കുന്നത്. ഇത്ര ആഴത്തിലുള്ള വിരോധത്തിന്‍റെ അടിസ്ഥാനം എന്താണെന്ന് അതോടെ കൂടുതല്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.