Image Credit ; Facebook

Image Credit ; Facebook

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ന്റെ ഓണ്‍ലൈന്‍ ത്രിഡി ട്രെയിലർ ലോഞ്ച് ഇന്ന് വൈകിട്ട് 5 മണിക്ക്. മോഹന്‍ലാല്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.  ‘കങ്കുവ’ സിനിമയുടെ ഇടവേളയ്ക്കിടെ ‘ബറോസി’ന്റെ ത്രിഡി ട്രെയിലർ നേരത്തേ തിയറ്ററുകളില്‍ പ്രദർശിപ്പിച്ചിരുന്നു. മോഹന്‍ലാല്‍ പോസ്റ്റിട്ടതോടെ, ‘കങ്കുവ കാണാൻ പോയതുകൊണ്ട് അകെയുണ്ടായ ഗുണം ബറോസിന്‍റെ ട്രെയിലര്‍ കാണാന്‍ കഴിഞ്ഞു എന്നതാണെ’ന്ന് ആരാധകര്‍ കമന്‍റിട്ട് തുടങ്ങി.

ട്രെയിലറിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 25നാണ് ബറോസ് തിയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം. പൂര്‍ണമായും ഫാന്‍റസി ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. നിര്‍മാണം – ആന്‍റണി പെരുമ്പാവൂര്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.

ബറോസും ത്രീഡിയിലാണ് തിയറ്ററുകളില്‍ എത്തുന്നത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്തത്.

2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ബറോസിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആണ് നിശ്ചയിച്ചിരുന്നത്. കോവിഡ് അടക്കം പലകാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. 3ഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

ENGLISH SUMMARY:

Barroz 3D - Guardian of Treasure Virtual 3D Trailer launch today