29 വർഷത്തിന് ശേഷം പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹബന്ധം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത ഞെട്ടല്ലോടെയാണ് ആരാധകര്‍ കേട്ടത്. ബോളിവുഡ് പാർട്ടികളിലും അവാർഡുകളിലും സെലിബ്രിറ്റി വിവാഹങ്ങളിലും റഹ്മാനും സൈറയും ഒരുമിച്ച് പങ്കെടുക്കാറുണ്ടായിരുന്നു. മുംബൈയിൽ നടന്ന അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹത്തിലാണ് ഇരുവരെയും അവസാനമായി ഒരുമിച്ച് കണ്ടത്. വിവാഹമോചന വാർത്ത എത്തിയതിന് പിന്നാലെ സൈബറിടത്തെ ചര്‍ച്ച റഹ്മാനും ഭാര്യ സൈറയുമാണ്. വിവാഹമോചനത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ് നെറ്റിസൺസ്.
ദമ്പതികൾ തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങളാണ് തീരുമാനത്തിന് കാരണമെന്ന് സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യാ ടുഡേ പങ്കിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം, ഇരവരുടെയും ബന്ധത്തില്‍ നേരിട്ട വൈകാരിക വെല്ലുവിളികളെ തുടർന്നാണ് വിവാഹമോചനം എന്ന തീരുമാനമെടുത്തത്. പരസ്പരം സ്നേഹം ഉണ്ടായിരുന്നിട്ടും, തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളും പോരാട്ടങ്ങളും പരിഹരിക്കാനാകാത്തതാണ് വിവാഹമോചനത്തില്‍ എത്തിച്ചത്.
“നിങ്ങൾക്കറിയാമോ, പുതിയതായി വരുന്ന ആരുമായും പൊരുത്തപ്പെടാൻ ഏതൊരു കുടുംബത്തിനും എപ്പോഴും ബുദ്ധിമുട്ടാണ്. എല്ലാ അമ്മമാരെയും പോലെ, എന്റെ അമ്മയും എന്നെക്കുറിച്ച് പൊസസീവ് ആയിരുന്നു, ഞങ്ങൾ എല്ലാവരും ഒരു കൂട്ടുകുടുംബമായി ജീവിച്ചതിനാൽ, ചില അഡ്ജസ്റ്റ്മെന്റിന്റെ ആവശ്യമായിരുന്നു. 1995-ൽ, എന്റെ മൂത്ത മകൾ ഖത്തീജ ജനിച്ചു, അതിനുശേഷം എല്ലാം ശരിയായിരുന്നു.’’ കുടുംബ ജീവിതത്തെ പറ്റി എ.ആർ റഹ്മാന് മുന്‍പ് പറഞ്ഞതാണ് ഈക്കാര്യം.
“മുപ്പതിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അർത്ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു'- റഹ്മാൻ എക്സില്‍ കുറിച്ചു.. #arrsairaabreakup എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് എ.ആര്‍.റഹ്മാന്റെ പോസ്റ്റ്.