പതിനെട്ട് വർഷത്തിന് മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു എന്ന വാര്‍ത്ത അവിശ്വസനീയതോടെയാണ് മലയാള സിനിമ ലോകം കേട്ടത്. എന്നാല്‍ പിന്നാലെ ബാക്കി കാസ്റ്റ് കൂടി പുറത്തുവന്നതോടെ ഇത് സ്വപ്നമോ സത്യമോ എന്ന് വിശ്വസിക്കാന്‍ സാധിക്കാത്ത തരത്തിലായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. കുഞ്ചാക്കോ ബോബന്‍, നയൻതാര, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് എന്നിങ്ങന്‍ സ്വപ്നതുല്യമായ താരനിര. തീര്‍ന്നില്ല, മലയാളത്തിന്‍റെ ഡ്രീം പ്രോജക്ടിന്‍റെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേർന്നു. വമ്പന്‍ താരനിരയെ ഒന്നിപ്പിച്ച് ആന്‍റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.
മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. ബുധനാഴ്ചയാണ് ഫഹദ് ശ്രീലങ്കയിലെ ലൊക്കേഷനിൽ എത്തിയത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനുമുൾപ്പെട്ട രംഗങ്ങൾ നേരത്തെ തന്നെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു.
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മോഹൻലാൽ ശ്രീലങ്കയില്‍ തിരിതെളിച്ചതോടെയാണ് തുടക്കമായത്. സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ചിത്രത്തിന് തുടക്കം കുറിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഹൃദ്യമായ കുറിപ്പിലൂടെ കോ പ്രൊഡ്യൂസര്‍ സി.ആര്‍.സലീം അറിയിച്ചു.
രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.