നടി തമന്നയുടെ വിവാഹ വാര്‍ത്ത സൈബറിടത്ത് കാട്ടുതീ പോലെയാണ് പടര്‍ന്നു പിടിക്കുന്നത്. നടന്‍ വിജയ് വര്‍മയുമായി രണ്ടു വര്‍ഷത്തോളമായി തമന്ന ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍‌ നേരത്തെ തന്നെ പുറത്തുവന്നതാണ്. പല അഭിമുഖങ്ങളിലും പ്രണയത്തിലാണെന്ന വിവരം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. സാധാരണയായി താരങ്ങള്‍ പ്രണയം മൂടിവയ്ക്കുമ്പോള്‍ തമന്നയും വിജയ്‌യും ഇക്കാര്യം തുറന്നുപറയാന്‍ മടികാട്ടിയില്ല.

ALSO READ: നടി തമന്ന വിവാഹിതയാകുന്നു; വരന്‍ നടന്‍ വിജയ്

യുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെ വിജയ് ആണ് ആദ്യമായി തമന്നയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്. തനിക്ക് വികാരങ്ങളെ താഴിട്ട് പൂട്ടിവയ്ക്കാനാവില്ല എന്ന മുഖവുരയോടെയായിരുന്നു വിജയ്‌യുടെ വെളിപ്പെടുത്തല്‍. ‘ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാന്‍ കഴിയില്ല. കൂട്ടുകാര്‍‌ക്കൊപ്പം പോയാല്‍ അവരോടൊപ്പം ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് താല്‍പര്യമില്ല.

ഇന്നത്തെ സമൂഹം മറ്റുള്ളവര്‍ എന്തുചെയ്യുന്നു, അവരുടെ ജീവിതം എങ്ങനെയാണ് എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. എല്ലായിടത്തും ഒരു ‘പരദൂഷണ അമ്മായി’ ഉണ്ടെന്ന് ചുരുക്കം. അവര്‍ക്ക് എല്ലാവരുടെയും ബന്ധങ്ങള്‍ കണ്ടുപിടിക്കലും പ്രചരിപ്പിക്കലുമാണ് പണി. ഒരുതരം രോഗമായി ഇത് പടരുകയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍, നമുക്ക് ഒന്നും ചെയ്യാനില്ല എന്നുവേണം പറയാന്‍. പറഞ്ഞാലും ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. എന്‍റെ ജോലി ഞാന്‍ നന്നായി ചെയ്യുന്നു. അത് പ്രശംസിക്കപ്പെടുന്നു. ജോലിയാണ് ഏറ്റവും പ്രധാനം. അത് ഭംഗിയായി തന്നെ കൊണ്ടുപോകുന്നു. മറ്റൊന്നും എന്നെ ബാധിക്കുന്ന ചര്‍ച്ചകളെയല്ല’ എന്നാണ് വിജയ് വര്‍മ അഭിമുഖത്തില്‍ പറഞ്ഞത്.

ആ ബന്ധം ഇപ്പോള്‍ വിവാഹത്തിലേക്ക് നീങ്ങുന്നുവെന്ന് കാണുമ്പോള്‍ ആരാധകരും അതിരറ്റ സന്തോഷത്തിലാണ്. വിവാഹ തീയതിയടക്കം ഉടന്‍ പുറത്തുവരുമെന്നാണ് വിവരം. ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്‍റെ ചിത്രീകരണ സമയത്താണ് ഇരുവരും തമ്മില്‍ അടുത്തതും പ്രണയത്തിലായതും. സിനിമ വന്‍ വിജയമായിരുന്നു. ചിത്രത്തിലെ വിജയ്‌യുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ വിജയാഘോഷത്തില്‍‌ തമന്നയും വിജയ്‌യും ഒന്നിച്ചെത്തിയപ്പോള്‍ തന്നെ ഇവരുടെ പ്രണയം ആരാധകരും തിരിച്ചറിഞ്ഞു. 

2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ഇരുവരും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഢംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വിവാഹം ഉടനെന്ന് ആരാധകരും ഉറപ്പിച്ചത്.

ENGLISH SUMMARY:

Tamannaah Bhatia and Vijay Varma are getting married soon. Bollywood’s adored couple's love story moves to the next level. Fans wish them a beautiful life.