അയ്യപ്പനെ അവഹേളിക്കുന്നു ഗാനം പുറത്തിറക്കിയെന്ന് ആരോപിച്ച് സംവിധായകന്‍ പാ രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ പരാതി. പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നും വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്.
രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾചർ സെന്റർ സംഘടിപ്പിച്ച പരിപാടിയിലാണു ഗാനം ആലപിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറിയാൽ എന്താണു പ്രശ്നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് ‘ഐ ആം സോറി അയ്യപ്പാ’ എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്.
ഇസൈവാണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഗാനത്തിന്‍റെ പേരില്‍ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. തുടര്‍ന്ന് ചെന്നൈ കമ്മിഷണർക്ക് മുമ്പാകെ ഇസൈവാണി പരാതി സമർപ്പിച്ചിട്ടുണ്ട്. പാ. രഞ്ജിത്ത് സ്ഥാപിച്ച ജാതിവിരുദ്ധ സംഗീത ബാൻഡായ ദ കാസ്റ്റ്ലെസ് കളക്ടീവാണ് ഗാനം ചിട്ടപ്പെടുത്തിയത്. 2018ലായിരുന്നു ഐ ആം സോറി അയ്യപ്പാ എന്ന ഗാനം പുറത്തിറക്കിയത്. വിവിധ വേദികളില്‍ ഗാനം അവതരിപ്പിച്ചിട്ടുണ്ട്.