Image: Instagram/sayani

സിനിമ ചിത്രീകരണത്തിനിടയില്‍ തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം സയാനി ഗുപ്ത. അടുത്തിടപഴകിയുള്ള രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് സെറ്റില്‍ നിന്നും മോശം അനുഭവമുണ്ടായതെന്നും നടി പറയുന്നു. സംവിധായകന്‍ കട്ട് പറഞ്ഞശേഷവും നായക നടന്‍ തന്നെ ചുംബിക്കുന്നത് ‌തുടര്‍ന്നുവെന്നാണ് സയാനിയുടെ വെളിപ്പെടുത്തല്‍.

'ഇന്‍റിമസിയെ കുറിച്ച് ഒരു പുസ്തകമെഴുതാനുള്ള അനുഭവങ്ങളുണ്ടെനിക്ക്. ഇത്രയേറെ വൈകിയെങ്കിലും ഇന്ത്യയില്‍ ഇന്‍റിമസി കോ–ഓര്‍ഡിനേറ്റര്‍ എന്നൊരു തൊഴില്‍ തന്നെ വന്നതില്‍ അതിയായ സന്തോഷമുണ്ട്. 'മാര്‍ഗരീത്ത വിത് എ സ്ട്രോ' എന്ന ചിത്രത്തില്‍ 2013 ല്‍ ഞാന്‍ അഭിനയിച്ചിരുന്നു. സാധാരണഗതിയില്‍ സിനിമയിലെ ഇന്‍റിമേറ്റ് സീനുകളുടെ ചിത്രീകരണം വളരെ എളുപ്പമാണ്. സാങ്കേതിക കാര്യങ്ങളാകും കൂടുതലുണ്ടാവുക. പക്ഷേ ഒട്ടേറെപ്പേര്‍ അത്തരം സീനുകള്‍ മുതലെടുക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. സംവിധായകന്‍ കട്ട് പറഞ്ഞ ശേഷവും ഒരു നടന്‍ എന്നെ ചുംബിച്ചു കൊണ്ടിരുന്നു. അയ്യേ, ഇതെന്താണെന്ന് നമുക്ക് തോന്നിപ്പോകുന്ന രീതിയിലാണ് ചിലപ്പോഴെങ്കിലും അത് സംഭവിക്കുന്നത്. വളരെ കുറച്ചേയുള്ളൂ അത്തരക്കാരെങ്കിലും തീര്‍ത്തും മോശമായ പെരുമാറ്റമാണത്.'

തീര്‍ത്തും ഇന്‍റിമേറ്റായ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള സുരക്ഷയോ സ്വകാര്യതയോ പലപ്പോഴും സെറ്റില്‍ ലഭിക്കാറില്ലെന്നും താരം പറയുന്നു. ഫോര്‍ മോര്‍ ഷോട്സിന്‍റെ ചിത്രീകരണത്തിനായി ഗോവയിലെത്തിയപ്പോളുണ്ടായ ദുരനുഭവവും താരം പങ്കുവയ്ക്കുന്നു. 'ഇറക്കം കുറഞ്ഞ വസ്ത്രമാണ് ആ രംഗത്തില്‍ എനിക്ക് ധരിക്കാനായി തന്നത്. ഞാന്‍ നോക്കുമ്പോള്‍ എഴുപതോളം പുരുഷന്‍മാര്‍ എന്നെയും നോക്കി നില്‍ക്കുകയാണ്. നഗ്നയായാണോ ഞാന്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പോയി'- താരം വിശദീകരിക്കുന്നു.

ആളുകളുടെ മനസാണ് ആദ്യം മാറേണ്ടത്. നടീനടന്‍മാരെ കുറിച്ചോ അവരെ കംഫര്‍ട്ടബിളാക്കുന്നതിനെ കുറിച്ചോ അധികമാരും ചിന്തിക്കാറില്ലെന്നും സയാനി പറയുന്നു. റൊമാന്‍റിക് കോമഡി ചിത്രമായ ഖ്വബൂന്‍ കാ ഝാമ്​ലയാണ് താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം.

ENGLISH SUMMARY:

Intimate scenes are the easiest to do because they are technical. Having said that, a lot of people also take advantage, and I have been in situations where an actor will linger on the kiss even after the cut. You’re like, ‘Uhhh,’ and sometimes it’s very subtle, but that’s just indecent behavior," says Bollywood actor Sayani Gupta