image: social media

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത. 'സെക്കന്‍ഡ് ഹാന്‍ഡ്' എന്നും 'യൂസ്ഡ്' എന്നും, നശിച്ച ജീവിതമെന്നുമെല്ലാമാണ് ആളുകള്‍ തന്നെ വിളിച്ചതെന്നും താരം തുറന്ന് പറയുന്നു. കേട്ടാലറയ്ക്കുന്ന വാക്കുകളിലൂടെയും ഉറക്കമില്ലാത്ത രാത്രികളിലൂടെയും വിവാഹമോചിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് കടന്നുപോകേണ്ടി വരുന്നുണ്ടെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. 

താരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..'ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍ നിരവധി അപമാനങ്ങളും ദുരനുഭവങ്ങളും സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്നുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ്, യൂസ്ഡ്, പാഴ് ജീവിതം എന്നിങ്ങനെയുള്ള കമന്‍റുകള്‍ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങളെ ജീവിതത്തിന്‍റെ ഒരു ഓരത്തേക്ക് എല്ലാവരും ചേര്‍ന്ന് തള്ളിയിടും. വിവാഹ ബന്ധം അവസാനിപ്പിച്ചത് കൊണ്ടുമാത്രം നിങ്ങളൊരു തോല്‍വിയാണെന്ന  ഭാവത്തില്‍ നിങ്ങള്‍ അവിടെ ചുരുണ്ടുകൂടി ഇരിക്കണം എന്ന തരത്തിലാണ് പെരുമാറ്റം. വിവാഹമോചനത്തിലൂടെ കടന്നുപോയിട്ടുള്ള പെണ്‍കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും അത് തീര്‍ത്തും കഠിനമായ അനുഭവമാണെന്നാണ് എന്‍റെ വിശ്വാസം'. 

വിവാഹമോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വളരെ മോശമായ രീതിയില്‍ പ്രതികരിച്ചവരെയും അപവാദങ്ങള്‍ പറഞ്ഞുണ്ടാക്കിയവരോടുമെല്ലാം പ്രതികരിക്കാന്‍ തോന്നിയിരുന്നുവെന്നും പക്ഷേ അതൊക്കെ പാടുപെട്ട് നിയന്ത്രിച്ച് നിര്‍ത്തിയെന്നും സാമന്ത തുറന്ന് പറയുന്നു. 'തീര്‍ത്തും അസംബന്ധമായ കാര്യങ്ങളാണ് എന്നെ കുറിച്ച് പ്രചരിച്ചത്. ഇതൊന്നുമല്ല സത്യം, നടന്നത് എന്താണെന്ന് ഞാന്‍ വെളിപ്പെടുത്താമെന്ന് പലവട്ടം എനിക്ക് തോന്നിയതാണ്. പക്ഷേ ഞാനെന്നെ അടക്കി നിര്‍ത്തി. ഇങ്ങനെ ഇല്ലാത്ത് പറഞ്ഞു പരത്തുന്നവരോട് സത്യാവസ്ഥ പറയുന്നു എന്ന് തന്നെ കരുതൂ.. നിനക്കെന്താണ് അതുകൊണ്ട് പ്രയോജനം ലഭിക്കുന്നത്? ഞാന്‍ എന്‍റെ മനസിനോട് ചോദിച്ചു. ഒരു മിനിറ്റ് നേരത്തേക്ക് കുറേയധികം സ്നേഹം കിട്ടിയേക്കാം, പക്ഷേ മൂന്ന് ദിവസം കഴിയുമ്പോള്‍, എന്തെങ്കിലും കൈപ്പിഴ സംഭവിച്ചാല്‍ ഈ സ്നേഹമത്രയും വെറുപ്പായി തീരും. അത് സംഭവിച്ചുകൂട എന്ന് ഞാന്‍ മനസില്‍ ഉറപ്പിച്ചു. ആളുകളുടെ നല്ല സര്‍ട്ടിഫിക്കറ്റില്ലാതെ ജീവിക്കുകയെന്നതായിരുന്നു വെല്ലുവിളി. അതുവരെയുള്ള എന്‍റെ ജീവിതത്തിലത്രയും സ്നേഹിക്കപ്പെടാനും ആളുകളാല്‍ അംഗീകരിക്കപ്പെടാനും ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അത് അവസാനിപ്പിക്കാന്‍ ഞാന്‍ അന്ന് തീരുമാനിച്ചു.. സാമന്ത വ്യക്തമാക്കി. 

'ഞാന്‍ ഇന്ന് വളരെയധികം സന്തുഷ്ടയാണ്. ഏറെ സംതൃപ്തി നല്‍കുന്ന ജോലി മികവോടെ ചെയ്തെടുക്കാന്‍ എനിക്കായി. ജീവിതത്തിലെ പുതിയ വഴിത്തിരിവിനായി, അടുത്ത ഘട്ടത്തിനായി കാത്തിരിക്കുകയാണ്'. വ്യക്തിയെന്ന നിലയിലും താന്‍ വളരെയധികം വളര്‍ന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

People called me 'second-hand, used' after my divorce with Naga Chaitanya, reveals superstar Samantha