divya-prapha-thumb

എറണാകുളം സുഭാഷ് പാര്‍ക്കിനടുത്ത് മോഹന്‍ലാല്‍ നായകനായ ലോക്പാലിന്‍റെ ഷൂട്ടിങ് നടക്കുന്നു. അതുവഴി രാവിലെ നടക്കാനിറങ്ങിയ ഒരു പെണ്‍കുട്ടി ഷൂട്ടും ആള്‍ക്കൂട്ടവുമെല്ലാം കണ്ട് അവിടെ ഒരു നിമിഷം നിന്നു. അപ്രതീക്ഷിതമായാണ് കാസ്റ്റിങ് കോഡിനേറ്ററടെ കണ്ണില്‍ ആ പെണ്‍കുട്ടിപെട്ടത്.

ആള്‍ കൈകാട്ടി വിളിച്ചു. അമ്പരന്നുപോയപെണ്‍കുട്ടി, വിളിച്ചത് തന്നെതന്നെയോ എന്നൊന്നു സംശയിച്ചു. കോഡിനേറ്റര്‍  വീണ്ടും വിളിച്ചതോടെ അവള്‍ അടുത്തെത്തി. ആളുകുറവാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഇരിക്കുമോ എന്ന് അയാളുടെ ചോദ്യം. അവള്‍ ഒകെ പറഞ്ഞു.

പത്തു മണിക്ക് ഓഫിസിലെത്തണമെന്ന കാര്യമെല്ലാം മറന്ന് പെണ്‍കുട്ടി ഷൂട്ടിനായി ഒരേ നില്‍പായി. അല്‍പം കഴിഞ്ഞ്  കാസ്റ്റിങ് കോഡിനേറ്ററെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. വെറുതേയിരിക്കേണ്ട, ചിത്രത്തില്‍ സായികുമാര്‍ ചെയ്യുന്ന കഥാപാത്രത്തിന്‍റെ പിഎ ആയി ഫയലെല്ലാം പിടിച്ച് പിന്നില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു. കളി കാര്യമായി തുടങ്ങിയത് മനസിലാക്കിയ പെണ്‍കുട്ടി അമ്മയെ വിളിച്ചു. സിനിമയില്‍ ചെറിയൊരു റോള്‍ ചെയ്യുന്നതിന് അനുമതി തേടി. തിരക്കിലായിരുന്ന അമ്മ പകുതിമാത്രം കേട്ട് എന്തെങ്കിലും ചെയ്യെന്നറിയിച്ച് ഫോണ്‍വച്ചു.  ഒരുപതിറ്റാണ്ട് മുമ്പ് അങ്ങിനെ വഴിതെറ്റി സിനിമാസെറ്റിലെത്തിയ ആ പെണ്‍കുട്ടിയാണ്  കാന്‍ ഫിലിംഫെസ്റ്റിവെലില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഇപ്പോഴത്തെ ദിവ്യപ്രഭ.

ഒരു അഭിനേതാവെന്ന നിലയിലുള്ള സമര്‍പ്പണ മനോഭാവമാണ്  ദിവ്യപ്രഭയെ വേറിട്ട് നിര്‍ത്തുന്നത്. കഥാപാത്രത്തിന്‍റെ വിജയത്തിനായി ഏതറ്റംവരെ പോകാനും അവര്‍ തയ്യാറാണ്. കാനില്‍ തിളങ്ങിയ ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റിലും അവര്‍ ചെയ്തത് അതു തന്നെ. പക്ഷെ കൊടിയപാതകം ചെയ്ത രീതിയിലാണ്  സമൂഹമാധ്യമങ്ങളില്‍ പലരും അവരെ കൈകാര്യം ചെയ്തത്. സെക്കന്‍ഡുകള്‍ മാക്രമുള്ള  ഒരൊറ്റ സീനിന്‍റെ പേരില്‍  അവര്‍ക്കെതിരെ തിരിഞ്ഞവര്‍ ചമയ്ക്കുന്ന കഥകളും, അതിനുമേലുള്ള അശ്ലീല കമന്‍റുകളും പരിധികളെല്ലാം ലംഘിക്കുകയാണ്.

ഈ ചിത്രത്തിലെ ദിവ്യ പ്രഭയുടെ നഗ്നരംഗം ആഘോഷമാക്കിയതിന്‍റെ പേരില്‍, നാണം കെട്ട് നില്‍ക്കുകയാണ് ഇന്ന് മലയാളി സമൂഹം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സിനിമയിലെ സെക്കന്‍റുകള്‍ മാത്രമുള്ള ആ ദൃശ്യത്തിന്‍റെ ലിങ്കെവിടെയെന്ന ചോദ്യമാണ് ഇപ്പോള്‍ ട്രെന്‍റിങ്. അശ്ലീല ചുവയുള്ള കമന്‍റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു സമൂഹമാധ്യമങ്ങള്‍. എന്നാല്‍ യൂത്തിലെ ഒരു വിഭാഗം ആര്‍ട്ടിനെ ആര്‍ട്ടായി കാണുന്നവരാണെന്നും, മലയാളികളെ മൊത്തത്തില്‍ കുറ്റം പറയാനില്ലെന്നുമാണ് ദിവ്യ പ്രഭയുടെ പക്ഷം. 

ഈ ചിത്രം കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും വലിയ രീതിയില്‍ ചര്‍ച്ചയായി. ചിത്രത്തില്‍ കനി കുസൃതി ചെയ്ത  വേഷമായിരുന്നു  ദിവ്യയ്ക്കായി സംവിധായിക  പായല്‍ കപാഡിയ ആദ്യം നിശ്ചയിച്ചത്.  രണ്ടുതവണ ഓഡിഷനും നടത്തി. കഥാപാത്രവുമായി ദിവ്യ യോജിക്കില്ലെന്ന്  മനസിലാക്കിയ പായല്‍ പിന്നീട്  ദിവ്യയില്‍ അനു എന്ന കഥാപാത്രത്തെ കണ്ടെത്തി. ഒട്ടേറതവണ ഓഡിഷന്‍ നടത്തിയാണ് ദിവ്യയ്ക്ക് ഈ വേഷം ഉറപ്പിച്ചത്.

മഹേഷ്‌ നാരായണൻ സംവിധാനം ചെയ്ത ടേക്ക്ഓഫ് എന്ന ചിത്രത്തിലൂടെയാണ് ദിവ്യപ്രഭ പ്രേക്ഷകശ്രദ്ധ നേടിയത്. ഈശ്വരൻ സാക്ഷിയായി എന്ന ടെലിസീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള  2015-ലെ സംസ്ഥാന ടെലിവിഷൻ അവാർഡും ദിവ്യയ്ക്ക് ലഭിച്ചിട്ടുണ്ട്. തമാശ, കമ്മാരസംഭവം, മാലിക്, നിഴൽ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയവേഷങ്ങള്‍ ദിവ്യ കൈകാര്യം ചെയ്തു.

മഹേഷ് നാരായണന്‍റെ അറിയിപ്പിലെ മികച്ച പ്രകടനമാണ് ദിവ്യപ്രഭയുടെ തവലര തന്നെ മാറ്റിമറിച്ചത്.  ഒട്ടേറെ ചലച്ചിത്രോല്‍സവങ്ങളില്‍ ചിത്രത്തിന് ലഭിച്ച മികച്ച അഭിപ്രായം ദിവ്യപ്രഭയ്ക്കും തുണയായി. ആ സിനിമ കണ്ടതോടെയാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റിലേയ്‌ക്ക്‌  പായൽ കപാടിയയുടെ ക്ഷണം വരുന്നത്.  ആ സിനിമ തന്‍റെ ഭാവി തന്നെ മാറ്റിയെഴുതിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ദിവ്യയും.. ലോകം മുഴുവന്‍ ചര്‍ച്ചയാകുന്ന മികച്ച ചിത്രങ്ങളില്‍ ദിവ്യപ്രഭയെ ഇനിയും കാണാനാകട്ടേ.... 

ENGLISH SUMMARY:

Divya Prabha's Morning Walk Leads to a Historic Moment on Set