lijomol

തമിഴ് സിനിമയ്ക്ക് അകത്തെ വിവാദങ്ങളോട് പ്രതികരിച്ച് നടി ലിജോമോള്‍ ജോസ്. തമിഴില്‍ ഒന്നാമതാകാനോ രണ്ടാമതാകാനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍പ് മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങള്‍ കണ്ടിട്ടാണ് തമിഴില്‍ അവസരം ലഭിക്കുന്നതെന്നും താരം പറഞ്ഞു. തമിഴ് സിനിമയില്‍ ഒരു മല്‍സരം ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം. 

‘ഞാന്‍ വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളു. മുന്‍പ് മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങള്‍ കണ്ടിട്ടാണ് തമിഴില്‍ അവസരം ലഭിക്കുന്നത്. എന്നെ വിളിക്കുന്ന സിനിമകള്‍ പോയി ചെയ്യുകയാണ് ചെയ്യുന്നത്. അല്ലാതെ തമിഴില്‍ ഒന്നാമതാകാനോ രണ്ടാമതാകാനോ അല്ലെങ്കില്‍ ഇനി വരുന്ന എല്ലാ സിനിമകളും ചെയ്യാനോ ഞാന്‍ ശ്രമിക്കാറില്ല. അതുകൊണ്ട് തന്നെ അങ്ങനെയൊരു മല്‍സരം ഉണ്ടോ എന്ന് എനിക്ക് അറിയില്ല’.  

‘പണ്ട് മുതലേ മലയാള സിനിമയിലും മലയാളികള്‍ അല്ലാതെ നടിമാര്‍ വന്നിട്ടുണ്ട്. എല്ലാ ഭാഷയിലും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ ഭാഷ ഒരു പ്രശ്നമല്ല. തമിഴില്‍ നിന്നുള്ള നായികമാര്‍ക്ക് തമിഴ് സിനിമയില്‍ അവസരം ലഭിക്കുന്നില്ല എന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരുപക്ഷേ മലയാളത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ കണ്ടിട്ടാകും നമുക്ക് ഒരുപാട് അവസരങ്ങള്‍ വരുന്നത്’. 

മലയാളത്തില്‍ മുന്‍നിര സംവിധായകരെയും അഭിനേതാക്കളെയും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും എന്നാല്‍ തമിഴില്‍ ‘സര്‍’ എന്ന് വേണം അഭിസംബോധന ചെയ്യാനെന്നും താരം പറയുന്നു. മറ്റ് മാറ്റങ്ങളൊന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും തമിഴ് സിനിമയും മലയാള സിനിമയും തമ്മില്‍ പ്രധാനമായും ഭാഷപരമായ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും ലിജോ മോള്‍.

മനോരമ മാക്സ് ഒര്‍ജിനല്‍സിലൂടെ എത്തുന്ന ഹെര്‍ ആണ് ലിജോമോളുടെ ഏറ്റവും പുതിയ സിനിമ. ലിജിന്‍ ജോസ് സംവിധാനം ചെയ്ത ആന്തോളജി വിഭാഗത്തിലുള്ള ചിത്രത്തില്‍ ഒരേ ചുറ്റുപാടില്‍ വ്യത്യസ്ത ജീവിതസാഹര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളെയാണ് കാണിക്കുന്നത്. ഉര്‍വശി, രമ്യാ നമ്പീശന്‍,  ലിജോമോള്‍, ഐശ്വര്യ രാജേഷ്, പാര്‍വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

"I have never tried to become the first or second in Tamil," says Lijomol Jose. She added that the opportunities in Tamil cinema came her way after people noticed the roles she had previously portrayed in Malayalam films.