‘നീയാര് അവന്‍റെ വാരിയില്‍ പിറന്നോളോ, അവന്‍റെ മാത്രം ലോകം ചുറ്റിക്കറങ്ങുന്നോളോ, അവന്‍റെ ചാവേറീച്ചയോ...’ അന്‍വര്‍ അലിയുടെ വരികളില്‍ ഗോവിന്ദ് വസന്ത സംഗീതം തീര്‍ത്ത് സയനോരയുടെ ശബ്ദത്തില്‍ ഇറങ്ങിയ ഈ ഒരാറ്റ പാട്ടു മാത്രം മതി, എന്താണ് ‘ഹെര്‍’ എന്ന് തിരിച്ചറിയാന്‍. മനോരമ മാക്സില്‍ റിലീസ് ചെയ്യുന്ന ചിത്രം, ‘ഹെര്‍’ സംവിധാനം ചെയ്തിരിക്കുന്നത് ഫ്രൈഡേ, ലോ പോയിന്‍റ് എന്നീ സിനിമകളുടെ സ്രഷ്ടാവ് ലിജിന്‍ ജോസ് ആണ്.
കുടുംബം എന്ന കൊച്ചു സ്വര്‍ഗത്തിനുള്ളില്‍ ജീവിക്കുന്ന ശാന്ത മുതല്‍ ഒറ്റയ്ക്ക് പൊരുതി ജീവിക്കുന്നവരുടെയും ജീവിക്കാനായി പൊരുതുന്നവരുടെയും കഥ. ചുരുക്കത്തില്‍ ഇതാണ് ‘ഹെര്‍’ എന്ന് പറഞ്ഞുവയ്ക്കാം. അഞ്ചു സ്ത്രീകളുടെ ജീവിതമാണ് സിനിമ. അഞ്ച് സാഹചര്യങ്ങള്‍, അഞ്ച് സ്വഭാവം... എല്ലാം വ്യത്യസ്തം, എന്നിരുന്നാലും ഏതോ ഒരു പോയിന്‍റില്‍ എവിടെയൊക്കെയോ വെച്ച് അഞ്ച് കഥകളും ഒന്നുചേരുന്നു. ഒരു നൂല്‍പ്പാലത്തിലൂടെ ആ അഞ്ച് സ്ത്രീകള്‍ കണക്ടഡ്ആകുന്നു. ഒരിഞ്ചുപോലും താളം തെറ്റാതെ ആ കണ്ടുമുട്ടലുകള്‍ സാധ്യമാകുന്നു എന്നിടത്താണ് തിരക്കഥാകൃത്ത് അര്‍ച്ചന ബാലകൃഷ്ണന്‍റെ വിജയം.
ഉര്‍വശി, രമ്യാ നമ്പീശന്‍, ലിജ മോള്‍, ഐശ്വര്യ രാജേഷ്, പാര്‍വതി തിരുവോത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. കൂടാതെ ഗുരു സോമസുന്ദരം, പ്രതാപ് പോത്തന്‍, റോണി ഡേവിഡ്, രാജേഷ് മാധവന്‍ തുടങ്ങിയ അതുല്യ അഭിനേതാക്കളും വേഷമിടുന്നുണ്ട്.
ജോലിക്കുള്ള അഭിമുഖത്തിനായി വീടിന് പുറത്തിറങ്ങുന്ന ഒരു പെണ്‍കുട്ടി വെറും അരമണിക്കൂര്‍ നേരം കൊണ്ട് നേരിടേണ്ടിവരുന്ന അനുഭവങ്ങളുടെ കഥയാണ് ഐശ്വര്യ രാജേഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യഭാഗം. ഒരുപാട് സാമൂഹികയാഥാര്‍ഥ്യങ്ങളില്‍ മറകളില്ലാതെ ഏതാനും മിനിറ്റുകളില്‍ തുറന്നുകാട്ടപ്പെടുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറാകാന്‍ ഇന്ന് ഒരാള്‍ എന്തൊക്കെ ചെയ്യും, തിളങ്ങുന്ന വിഡിയോകളുടെ പിന്നാമ്പുറത്തെ യാഥാര്‍ഥ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് കാട്ടിത്തരുന്ന രമ്യ നമ്പീശന്‍റെ കഥാപാത്രം അവരുടെ അഭിനയജീവിതത്തിലെ ഒരുസവിശേഷമായ ഏടായിരിക്കും. മറ്റ് സ്ത്രീ കേന്ദ്രീകൃത സിനിമകളില്‍ നിന്ന് കാതലായ ഒരു വ്യത്യാസം ഈ ഭാഗത്തിനുണ്ട്.
ട്രെയിലറില്‍ പ്രതാപ് പോത്തന്‍ പറയുന്നത് പോലെ അന്‍പതുകഴിഞ്ഞാലും കുശുമ്പിന് കുറവില്ലാത്ത വീട്ടമ്മയായാണ് ഉര്‍വശി എത്തുന്നത്. ശാന്തയുടെ ജീവിതമാണ് ഈ ഭാഗം. മറ്റാര്‍ക്കും ഇടമില്ലാത്ത ഒരു കൊച്ചു സ്വര്‍ഗമാണ് വിജയകുമാറിന്‍റേയും ശാന്തയുടെയും വീട്. അവിടെക്ക് കട്ടുറുമ്പായി എത്തുന്ന കുഞ്ഞതിഥിയും അതിനെ പുറത്താക്കാന്‍ ശാന്ത നടത്തുന്ന പരിശ്രമവും അങ്ങേയറ്റം രസകരമാണ്.
ട്രെയിലറിലും സസ്പെന്‍സ് നിറച്ച ലിജോമോളുടെ കഥയില്‍ ആയിരം സ്ത്രീ ശബ്ദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കാം. പ്രണയവും വിവാഹവും തന്നെയാണ് കഥയെങ്കിലും പുതുതലമുറയുടെ ചിന്തകളെയും നിലപാടുകളെയും ചിത്രം ഉയര്‍ത്തികാണിക്കുന്നുണ്ട്. ‘സാറ്റിസ്ഫൈഡ് അല്ല’ എന്ന ഒറ്റവാക്കില്‍ ഒരു ജീവിതം കാലം മുഴുവന്‍ സഹിക്കേണ്ടി വരുമായിരുന്ന പ്രശ്നങ്ങളെ അവള്‍ നിഷ്പ്രഭമാക്കുന്നത് കാണാം.
സ്വന്തം ഇഷ്ടങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഒരു സ്ത്രീ എന്തൊക്കെ നേരിടേണ്ടിവരും എന്നതിന് ഉദാഹരണമാണ് രുചി. അവളുടെ വ്യക്തിത്വം പാര്‍വതിയുടെ കൈകളില്‍ ഭദ്രം. രുചിയുടെ കരിയറിലെ സുപ്രധാനമായ ഒരു ദിവസത്തില്‍ നടക്കുന്ന സംഭവങ്ങളും അതിന് പിന്നാലെയുള്ള ഓട്ടവുമാണ് കഥ. സങ്കീര്‍ണമായ കാര്യത്തെ ലളിതമായി പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഈ കഥയുടെ പ്രത്യേകത.
അപ്രതീക്ഷിത ട്വിസ്റ്റോടെ എല്ലാ തെറ്റുകള്‍ക്കും തെറ്റ് ചെയ്യുന്നവര്‍ക്കും മറുപടി നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ കടമെടുത്താല്‍ ആണുറ്റ ലോകങ്ങളെ, ഹിസ്(റ്റോ)റി ഇല്ലാത്തവള്‍ക്കുമുണ്ട് ലോകം, അതാണ് ‘ഹെര്‍’ സ്റ്റോറി.