പുഷ്പ 2വിന്‍റെ പ്രമോഷനായി കേരളത്തിലെത്തിയ അല്ലു അര്‍ജുനെ കണ്ട അനുഭവം അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. കൊച്ചിയിലെത്തിയ അല്ലു അർജുൻ ജിപിയേയും ഭാര്യയും സീരിയൽ താരവുമായ ഗോപിക അനിലിനെയും കാണാനായി ക്ഷണിക്കുകയായിരുന്നു.
അല്ലുവിനെ കണ്ടതിന്‍റെ സന്തോഷം യൂട്യൂബിൽ വീഡിയോയായും ജിപി പങ്കുവച്ചിരുന്നു. 'എനിക്കാണ് അദ്ദേഹത്തിനെ കൊണ്ടാവശ്യം അദ്ദേഹത്തിന് എന്നെകൊണ്ട് ഒരാവശ്യവുമില്ല, എന്നിട്ടും ആ തിരക്കിനിടയില്‍ എന്നെ റൂമിലേക്ക് വിളിപ്പിച്ചു. അല്ലു എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ഓരോ നിമിഷവും അദ്ദേഹത്തിൻ്റെ വിനയം എന്നെ പ്രചോദിപ്പിക്കുന്നു. ബ്രദര്‍ എന്ന വിളിയുണ്ട് അതില്‍ നിന്ന് ഇനിയും വിനയം ആവാമെന്ന് പഠിപ്പിക്കുകയാണ്. അല്ലുവിനെ കണ്ട ആവേശത്തില്‍ ഞാൻ വീഡിയോ എടുക്കുന്ന കാര്യം പോലും മറന്നു. അപ്പോഴാണ് ഭാര്യയുടെയും ഭര്‍ത്താവിന്റെയും കൂടെ സെല്‍ഫിയെടുക്കട്ടെ എന്ന് പറഞ്ഞ് അല്ലു അര്‍ജുന്‍ ഫോണ്‍ വാങ്ങി സെല്‍ഫിയെടുക്കുന്നത്,' ജി.പി പറഞ്ഞു. അല്ലുവിന് സമ്മാനമായി ശര്‍ക്കരവരട്ടിയും കായ വറുത്തതും കസവുമുണ്ടുമൊക്കെ അടങ്ങുന്ന ഒരു സമ്മാനവും കൊടുത്തുവെന്നും ജിപി പറഞ്ഞു.
എന്നാല്‍ ജി.പിയുടെ പോസ്റ്റ് ഒരാള്‍ക്ക് മാത്രം അങ്ങ് ഇഷ്ടപ്പെട്ടില്ല, ജി.പിയുടെ അടുത്ത സുഹൃത്ത് പേളി മാണിക്ക്. വിട്ടുകൊടുത്തില്ല, പകരം പോസ്റ്റുമായി പേളിയും സോഷ്യല്‍ മീഡിയയില്‍ എത്തി. അല്ലു അർജുനും രശ്മികയ്ക്കുമൊപ്പമുള്ള ഫോട്ടോയാണ് പേളി പോസ്റ്റ് ചെയ്തത്. എന്നാല്‍ അത് എഡിറ്റ് ചെയ്തതാണെന്ന് മാത്രം. എന്നാല്‍ അതൊന്നും സമ്മതിച്ചു തരാനും താരം ഒരുക്കമല്ല. ഫോട്ടോ എടുത്തു തന്നത് ഫഹദ് ഫാസിലാണെന്നുകൂടി പേളി തട്ടിവിട്ടു.
'പോസ്റ്റ് ചെയ്യാന്‍ കുറച്ചുവൈകി പോയി. പുഷ്പയുടെ പ്രമോഷന് ശേഷം വല്ലാതെ ക്ഷീണിതയായിരുന്നു. ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്ന് ജിപി പറയുമായിരിക്കും. പക്ഷേ യഥാര്‍ഥ ആരാധകര്‍ക്ക് മനസ്സിലാകും ഫോട്ടോ ഒറിജിനലാണെന്ന്. അല്ലുവിനും രേശുവിനുമൊപ്പം. താങ്ക്യൂ ഫഫ ഫോര്‍ ദി ക്ലിക്ക്', എന്നാണ് പോസ്റ്റിനൊപ്പം പേളി കുറിച്ചത്. പേളിയുടെ പോസ്റ്റിനു ജി.പി മറുപടിയും നല്‍കിയിട്ടുണ്ട്. 'ഇനി ഞാന്‍ എടുത്ത പിക് എഐ ആണോ, ഹോ കണ്‍ഫ്യൂഷന്‍ കണ്‍ഫ്യൂഷന്‍, ഈ പെണ്ണിനെ കൊണ്ട്,' എന്നാണ് ജി.പി മറുപടി കൊടുത്തത്.