TOPICS COVERED

പുഷ്​പ 2 ദി റൂളിലെ പ്രകടനത്തിന് താന്‍ ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കുന്നുവെന്ന് നടി രശ്മിക മന്ദാന. ഗോവയിൽ നടന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പങ്കെടുക്കവെയാണ് തന്‍റെ പ്രതീക്ഷകള്‍ രശ്മിക പങ്കുവച്ചത്. 

ചിത്രത്തില്‍ അല്ലു അർജുൻ അവതരിപ്പിക്കുന്ന നായക കഥാപാത്രമായ പുഷ്​പ രാജ് എവിടെയാണെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ ഹൈദരാബാദിലാണെന്നായിരുന്നു താരത്തിന്‍റെ മറുപടി. “ഒരുപാട് ജോലികൾ നടക്കുന്നതിനാൽ പുഷ്പ രാജ് സാർ ഹൈദരാബാദിൽ തിരക്കിലാണ്. സംവിധായകന്‍ സുകുമാർ, അല്ലു അർജുൻ, സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് എല്ലാവരും പുഷ്പ 2 ജോലിയുടെ അവസാന ഘട്ടത്തിലാണ്.

അതിനാൽ പുഷ്പ 2വിനെ പ്രതിനിധീകരിച്ച് ഞാനാണ് ഇവിടെ എത്തിയത്,'' രശ്മിക പറഞ്ഞു. പുഷ്പ 2 ന് ശേഷം രശ്മികയ്ക്ക് ഒരു ദേശീയ അവാർഡ് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോൾ, അല്ലു അർജുൻ പുഷ്പയില്‍ നേടിയ വിജയം പോലെ താനും പ്രതീക്ഷിക്കുന്നുവെന്നായിരുന്നു രശ്മിക പറഞ്ഞത്. 

ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന പുഷ്​പ 2 ദി റൂള്‍ റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2021 ല്‍ പുറത്തെത്തിയ പുഷ്പയുടെ രണ്ടാം ഭാഗം ആണ്. ഫഹദ് ഫാസിലിന്‍റെ വില്ലന്‍ വേഷവും പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.  

സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സമീപകാലത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രമാവും പുഷ്പ 2. സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രേഖയില്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം 3 മണിക്കൂര്‍, 20 മിനിറ്റ്, 38 സെക്കന്‍ഡാണ്. 

ENGLISH SUMMARY:

Rashmika Mandana says she is expecting a National Award for her performance in Pushpa 2 The Rule