സുരാജ് വെഞ്ഞാറമൂട് വേറിട്ട ലുക്കിലെത്തുന്ന ചിത്രം എക്സ്ട്രാ ഡീസന്റിന്റെ (ഇഡി) ട്രെയിലർ പുറത്തിറങ്ങി. ഒരു കുടുംബത്തെ ചുറ്റിപറ്റിയുള്ള കഥയിൽ വൻ സൈക്കോയായാണ് സുരാജെത്തുന്നത്. ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങുന്ന ചിത്രമാണിത്. മീശ വടിച്ച്, ഗ്ലാസൊക്കെ വെച്ച് സുരാജ് വെഞ്ഞാറമൂടിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഈ കഥാപാത്രം എത്തുന്നത്.
തന്റെ സിനിമാ ജീവിതത്തിൽ നിർമ്മാണ രംഗത്തേക്ക് സുരാജ് വെഞ്ഞാറമൂട് ആദ്യമായി ചുവട് വയ്ക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി എക്സ്ട്രാ ഡീസന്റിനുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ മാസം 20ന് തിയറ്ററുകളിൽ റിലീസാവും.
സുരാജിനെക്കൂടാതെ ഗ്രേസ് ആന്റണി, ശ്യാം മോഹൻ എന്നിവരാണ് പ്രധാന റോളുകൾ കൈകാര്യം ചെയ്യുന്നത്. സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, വിനയപ്രസാദ്, റാഫി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചന; ആഷിഫ് കക്കോടി. ഛായാഗ്രഹണം: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്.