Image: PTI

കഴിഞ്ഞ ദിവസമാണ് ട്വെല്‍ത്ത് ഫെയില്‍ നായകന്‍ വിക്രാന്ത് മാസി അഭിനയ ജീവിതം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായത്. പോസ്റ്റ് കണ്ട ആരാധകരും ഞെട്ടി. എന്നാല്‍ താന്‍ വിരമിക്കുന്നില്ലെന്നും ആളുകൾ താൻ ഉദ്ദേശിച്ചത് തെറ്റായി വായിച്ചതാണന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ റിട്ടയർ ചെയ്യുന്നില്ലെന്നും ഒരു നീണ്ട ഇടവേള വേണമെന്നും കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നുംഅദ്ദേഹം  ഒരു ദേശീയമാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അങ്ങേയറ്റം സംഭവബഹുലമായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി. മുന്നോട്ടുള്ള യാത്രയില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ല്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. കഴിഞ്ഞ രണ്ട് സിനിമകള്‍ പറഞ്ഞുതീര്‍ക്കാനാവാത്ത സന്തോഷമാണ് നല്‍കിയത്. ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും’ എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു പോസ്റ്റ്. പിന്നാലെ 37ാം വയസിലെ താരത്തിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ആരാധകരും അമ്പരന്നു.

പിന്നാലെ അഭിനയം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പലരും പോസ്റ്റിന് ചുവടെ കുറിച്ചു. സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയെന്നും നിങ്ങളുടെ അഭാവം വേദനിപ്പിക്കുന്ന ഒന്നാവുമെന്നും കരിയറിന്‍റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു തീരുമാനം കൈക്കൊള്ളാന്‍ അസാമാന്യ ധൈര്യം വേണമെന്നുമെല്ലാം ആളുകള്‍ കുറിച്ചു. അതേസമയം ഇടവേളയെടുത്ത് മടങ്ങി വരൂ, നിങ്ങളെ പോലെ നടനെ ഇനിയും സ്ക്രീനില്‍ കാണമെന്ന് ഞങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്നും കമന്‍റുകള്‍ വന്നിരുന്നു. എന്തായാലും ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമിട്ടിരിക്കുകയാണ് താരം തന്നെ.

ടെലിവിഷന്‍ താരമായാണ് വിക്രാന്ത് മാസി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ബാലിക വധു, ധരം വീര്‍ എന്നിവയിലൂടെ കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്നു. രണ്‍വീര്‍ സിങിന്‍റെ ലൂട്ടേരയിലൂടെയാണ് സിനിമയില്‍ തുടക്കം. ചാപകില്‍ ദീപികയ്ക്കൊപ്പവും ക്രൈം തില്ലര്‍ സീരിസായ മിര്‍സാപുറില്‍ ബബ്​ലു പണ്ഡിറ്റായും വന്‍ പ്രശംസ നേടി. ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്സ് സണ്ണി, ലവ് ഹോസ്റ്റല്‍ എന്നിവയാമ് മറ്റ് പ്രധാന ചിത്രങ്ങള്‍. 2002 ലെ ഗോധ്​ര ട്രെയിന്‍ അപകടത്തെ അടിസ്ഥാനമാക്കിയുള്ള 'സബര്‍മതി റിപ്പോര്‍ട്ട്' ആണ് വിക്രാന്തിന്‍റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ENGLISH SUMMARY:

Vikrant Massey clarified that his recent social media post about taking a long break from acting was misinterpreted as a retirement announcement. He assured fans that he is not retiring but taking time off as he misses his family.