കുടുംബബന്ധങ്ങളെ കുറിച്ചുള്ള സിനിമകളില്‍ അടുത്ത കാലം വരെ തലപ്പൊക്കത്തോടെ നിന്ന രണ്ട് മമ്മൂട്ടി കഥാപാത്രങ്ങളായിരുന്നു രാപ്പകലിലെ കൃഷ്ണനും, വാത്സല്യത്തിലെ മേലടത്ത് രാഘവന് നായരും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൃഷ്ണനും രാഘവന്‍ നായരും വീണ്ടും ട്രെന്ഡിങ്ങില്‍ ഇടം നേടി. പക്ഷേ ഹീറോ പരിവേഷത്തിലായിരുന്നില്ല. വകതിരിവില്ലായ്മയുടേയും ഇരവാദത്തിന്‍റെയും പേരിലാണെന്ന് മാത്രം. എന്നാല്‍ കൃഷ്ണന്‍ അത്ര പ്രശ്നക്കാരന്‍ അല്ലെന്നാണ് രാപ്പകലിന്‍റെ സംവിധായകന്‍ കമലിന്‍റെ പക്ഷം. ആ കുടുംബത്തെ സ്വന്തം കുടുംബമായി കണ്ട് പെരുമാറിയതിന്‍റെ ചില കുഴപ്പങ്ങള്‍ മാത്രമേ നമ്മുക്ക് അയാളില്‍ കാണാനാകൂ എന്നാല്‍ മറ്റ് ചില കഥാപാത്രങ്ങളെ തിരുത്താമെന്ന് തോന്നിയിട്ടുണ്ടെന്നും പറയുകയാണ് കമല്‍.
കൃഷ്ണന്‍, രാഘവന്‍ നായരെ പോലെ ടോക്സിക് അല്ല
രാപ്പകല്‍ 2005ല്‍ ഇറങ്ങിയ സിനിമയാണ്. ഒരു സിനിമ കാണുമ്പോള്‍ അത് ഇറങ്ങിയ കാലഘട്ടം കൂടി പരിഗണിക്കണം. ഇന്ന് നാം ചെയ്യുന്ന പലതും പത്തുവര്‍ഷം കഴിയുമ്പോള്‍ ശരിയായിക്കൊള്ളണമെന്നില്ല. അതുതന്നെയാണ് സിനിമയുടെ കാര്യവും. പക്ഷേ അപ്പോഴും കൃഷ്ണന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല. കാരണം ആരോരുമില്ലാതിരുന്ന അമ്മയ്ക്ക് അയാള്‍ മകനെ പോലെ തന്നെയായിരുന്നു. അതുകൊണ്ടാണ് ഫാമിലി ഫോട്ടോയില്‍ നിന്ന് കൃഷ്ണനെ ഒഴിവാക്കിയപ്പോള്‍ അമ്മയ്ക്ക് വേദനിച്ചത്. കുറേ കാലം ഒരു വീട്ടില്‍ മേല്‍നോട്ടക്കാരനായി നല്‍ക്കുന്നയാള്‍ കുറച്ച് അധികാരമൊക്കെ കാണിക്കുന്നത് സ്വാഭാവികമാണ്. അത് ആ കുടുംബത്തോടുള്ള അവരുടെ സ്നേഹവും കരുതലുമൊക്കെയാണ്. പക്ഷേ വേലക്കാരന്‍ വേലക്കാരന്‍റെ സ്ഥാനത്ത് നിന്നാല്‍ മതിയെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. അതുകൊണ്ടാണ് കൃഷ്ണന്‍ ഇപ്പോള്‍ എയറില്‍ കയറുന്നത്. ഇന്‍റര്‍വെല്ലിന് തൊട്ടുമുമ്പുള്ള സീനിലാണ് കൃഷ്ണന് തല്ലുകിട്ടുന്നത്. അന്ന് തിയേറ്റര്‍ മുഴുവന്‍ കൃഷ്ണനൊപ്പം കരഞ്ഞു.
പക്ഷേ വാത്സല്യത്തിലെ രാഘവന്‍ നായര്‍ ടോക്സിക് ആണെന്നതില്‍ സംശയമില്ല. പാട്രിയാര്‍ക്കിയുടെ മുഴുവന്‍ പ്രശ്നങ്ങളുമുളള കഥാപാത്രം തന്നെയാണ് രാഘവന്‍ നായര്‍. ഭാര്യയെ തല്ലുന്ന, തറവാട് അടക്കി ഭരിക്കുന്ന, അയാളുടെ ഇഷ്ടങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രം കാര്യങ്ങള്‍ നടക്കണമെന്ന് വാശിപിടിക്കുന്ന പാട്രിയാര്‍ക്കിയുടെ പ്രതിനിധി തന്നെയാണ് രാഘവന്‍ നായര്‍ പക്ഷേ അന്നുള്ള തറവാടുകളുടെ പ്രതിഫലനമാണ് ആ ചിത്രവും .
70ല്‍ സിനിമകള്‍ കുറച്ച് കൂടി പ്രോഗ്രസീവ് ആയിരുന്നു
നമ്മള്‍ സിനിമയിലെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ 70 കളില്‍ സിനിമ കുറച്ച് കൂടി പ്രോഗ്രസീവ് ആയിരുന്നുവെന്ന് കാണാം. അവളുടെ രാവുകളിലെ നായികയെ അന്നത്തെ പ്രേക്ഷകര്‍ ഒരു പ്രശ്നവുമില്ലാതെ അംഗീകരിച്ചു. എന്നാല് 80 കളുടെ അവസാനം ന്യൂക്ലിയര്‍ ഫാമിലിയിലേക്ക് വന്നപ്പോള്‍ മലയാളികള്‍ സങ്കുചിതരായി . അത് ആ കാലത്തെ സിനിമകള് പരിശോധിച്ചാല്‍ മനസിലാകും.
ശ്രുതിയുടെ ഭാഗത്ത് തെറ്റില്ല , ശങ്കര്‍ദാസ് ആ ഡയലോഗ് പറയരുതായിരുന്നു
സിനിമയുടെ ഈ പുനര്‍വായന എല്ലാ കാലത്തും ഉണ്ടാകും . ഞാന് മുന്‍പ് പറഞ്ഞപോലെ. മേഘമല്‍റിന്‍റെ ക്ലൈമാക്സ് കാലഘട്ടത്തിന് അനുസരിച്ച് ചെയ്തതാണ്. ഇന്നാണെങ്കില്‍ ക്ലൈമാക്സ് മറ്റൊന്നാകുമായിരുന്നു. അതുപോലെ തന്നെയാണ് അഴകിയ രാവണിലെ ക്ലൈമാക്സും . ഭാര്യ കാമുകനൊപ്പം പോയിരുന്നു എന്ന് അറിയുന്ന നിമിഷം അവളെ ഉപേക്ഷിച്ച് പോവുകയാണ് . നായിക പരിശുദ്ധയായിരിക്കണമെന്ന് സമൂഹം ചിന്തിക്കുന്ന ആ കാലത്ത് അയാള്‍ക്ക് അതേ ചെയ്യാനാകുമായിരുന്നുള്ളൂ. പിന്നീട് അയാള്‍ക്ക് അവളോടുള്ള സ്നേഹത്തിന്‍റെ ആഴം തിരിച്ചറിഞ്ഞാണ് അയാള്‍ തിരികെ വരുന്നത്. അപ്പോഴും അയാള്‍ പറയുന്നത് എന്‍റെ മനസില്‍ നീ പരിശുദ്ധയാണെന്നാണ്. ഇന്നാണെങ്കില്‍ ഞാന്‍ ആ ഡയലോഗ് എഴുതില്ല അനുപമ ശങ്കര്‍ദാസിന്‍റെ കാലില്‍ വീഴില്ല. കലാകാരന്മാരെന്ന നിലയില്‍ നമ്മളും സ്വയം വിലയിരുത്തുകയും തിരുത്തുകയുമൊക്കെ ചെയ്യുന്നുണ്ട്
അതുപോലെയാണ് മഴയെത്തും മുന്‍പെയിലെ ശ്രുതി... ശ്രുതിയെ അന്നും പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടിരുന്നു പക്ഷേ ഇപ്പോള്‍ ശ്രുതിയെ പ്രേക്ഷകര്‍ക്ക് കുറച്ചൂകൂടി മനസിലാകുന്നുണ്ട്.
ഇന്ന് ഇറങ്ങുന്ന സിനിമകള്‍ക്കും ഈ പോരായ്മയുണ്ട്. ഇപ്പോള്‍ തീയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ പ്രമേയം സദാചാരകൊലയാണ്. വളരെ പ്രോഗ്രസീവായ ഈ കാലത്ത് (സ്പോയിലര്‍ ആകുമെന്നതിനാല്‍ പ്ലോട്ട് പറയുന്നില്ല) എടുത്തിരിക്കുന്ന ആ സിനിമയുടെ പ്രമേയം പത്തുവര്‍ഷം കഴിയുമ്പോള്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യം സിനിമ മിക്കപ്പോഴും ആ കാലഘട്ടത്തെയാകും പ്രതിഫലിപ്പിക്കുക. സമൂഹത്തെ പോലെ കലാകാരന്മാരും സ്വയം നവീകരിച്ചും തിരുത്തിയുമൊക്കെയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ആരോഗ്യകരമായ ചര്‍ച്ച എല്ലാകാലത്തും നല്ലതുതന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം വിമര്‍ശനങ്ങളൊക്കെ സ്വാഗതം ചെയ്യുന്നു.