മകന്‍ കാളിദാസിന്‍റെ വിവാഹദിനത്തില്‍ വികാരധീനനായി നടന്‍ ജയറാം. തന്‍റെയും പാര്‍വതിയുടെയും വിവാഹം നടന്ന അതേ നടയില്‍ മകന്‍റെ വിവാഹവും നടത്താന്‍ സാധിച്ചതില്‍ സന്തോഷമെന്നായിരുന്നു ജയറാമിന്‍റെ പ്രതികരണം. കാളിദാസിന്റെ വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ചായിരുന്നു ജയറാമിന്‍റെ മകനും നടനുമായ കാളിദാസിന്‍റെ വിവാഹം. മോഡലും സുഹൃത്തുമായ താരിണി കലിംഗരായര്‍ ആണ് വധു.
ജയറാമിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'ഞങ്ങളുടെ സന്തോഷം എത്രമാത്രമാണെന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. ഏകദേശം 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992 സെപ്റ്റംബര്‍ ഏഴാം തിയതി അശ്വതിയുടെ കഴുത്തില്‍ ഗുരുവായൂരപ്പന്‍റെ മുന്‍പില്‍വെച്ച് താലി ചാര്‍ത്താന്‍ ഭാഗ്യമുണ്ടായി. അന്ന് ഞങ്ങള്‍ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി, എന്‍റെ കണ്ണന്‍. പിന്നീട് ഞങ്ങളുടെ ചക്കി മോളെത്തി. ഇപ്പോള്‍ രണ്ട് അതിഥികള്‍ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങള്‍ക്ക് അവര് മരുമകനും മരുമകളുമല്ല. മകനും മകളുമാണ്'.
'അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരുപ്പന്‍റെ മുമ്പില്‍ വെച്ച് കണ്ണന് താരുവിന്‍റെ കഴുത്തില്‍ താലി ചാര്‍ത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്‍റെ പലഭാഗത്തുനിന്നും ആളുകളെത്തി. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമിന്‍റെയും പാര്‍വതിയുടെയും കല്യാണം കാണാന്‍ ആളുകളെത്തിയ പോലെ അതേ സ്നേഹത്തോടെ മകന്‍റെയും മകളുടെയും കല്യാണം കാണാന്‍ എത്തിയതില്‍ വളരെ സന്തോഷം. എല്ലാവരുടെയും പ്രാര്‍ഥനയും ആശംസയുമുണ്ടായിരുന്നു. അതൊക്കെ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം. ഒരുപാട് ഒരുപാട് സന്തോഷം' എന്നായിരുന്നു ജയറാമിന്‍റെ പ്രതികരണം.
ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം. ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് വധു താരിണി. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.