Image Credit: Instagram

സോഷ്യല്‍ ലോകത്ത് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിരിക്കുകയാണ് അജു വര്‍ഗീസിന്‍റെ വിഡിയോ. മമ്മൂട്ടി ചിത്രത്തിലെ ഒരു രംഗം ഫോണ്‍ നോക്കി അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്ന അജു വര്‍ഗീസിനെയാണ് വിഡിയോയില്‍ കാണുന്നത്. അനുകരണത്തിന്‍റെ കഷ്ടപ്പാട് കാട്ടിത്തരുന്നതിനൊപ്പം പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന വിഡിയോ സംവിധായകനും തിരക്കഥാകൃത്തുമായ അരുൺ ചന്തുവാണ് പങ്കുവച്ചത്. അഭിനയജീവിതത്തിൽ 14 വർഷം പൂർത്തിയാക്കുന്ന അജുവിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് അരുണ്‍ ചന്തു വിഡിയോ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ അജുവിന് ആശംസകള്‍ നേര്‍ന്നും ട്രോളിയും താരങ്ങളടക്കം നിരവധിപേരാണ് രംഗത്തെത്തുന്നത്. 

മമ്മൂട്ടിയും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ചെത്തിയ ‘കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗമാണ് അജു വര്‍ഗീസ് പുനഃരാവിഷ്കരിക്കാൻ ശ്രമിച്ചത്. മമ്മൂട്ടിയുടെ അഭിനയമികവ് അതേപടി അനുകരിക്കാന്‍ ശ്രമിക്കുന്ന അജുവിനെ ദൃശ്യങ്ങളില്‍ കാണാം. അജുവിന്‍റെ അനുകരണം കണ്ട് ചിരി നിയന്ത്രിക്കാൻ പാടു പെടുകയാണ് സുഹൃത്തുക്കൾ. വിഡിയോക്കൊപ്പം രസകരമായ കുറിപ്പും അരുൺ ചന്തു പങ്കുവച്ചിരുന്നു. ‘നമ്മൾ ചെയ്യുമ്പോ മാത്രം എന്താഡാ ശരി ആവാത്തെ?’14 വര്‍ഷങ്ങള്‍! എന്നായിരുന്നു അരുൺ ചന്തു കുറിച്ചത്. 

ഒരു വിഡിയോക്കൊരു വിശദീകരണക്കുറിപ്പും അരുൺ നല്‍കി. 'ഞങ്ങളുടെ ചില പാതിരാ പരിശീലനരംഗങ്ങളിൽ നിന്നുള്ളതാണിത്. മമ്മൂക്കയുടെ ആവർത്തിക്കപ്പെടുന്ന അനശ്വര അഭിനയ മുഹൂർത്തങ്ങൾ നോക്കി അദ്ദേഹത്തിന്റെ മികവിന്റെ ഒരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ കഠിനമായി ശ്രമിക്കുകയാണ്. ഓരോ തവണയും വന്‍ പരാജയത്തിലാണ് അത് അവസാനിക്കാറ്. പക്ഷേ, അങ്ങനെയൊരു പരിശ്രമം നടത്തുന്നതിനെയാണല്ലോ വിലമതിക്കേണ്ടത്. പരിശ്രമത്തിനിടയിലെ സന്തോഷവും പൊട്ടിച്ചിരികളും! ഇതാണ് അജു വർഗീസിന്റെ 14 വർഷങ്ങൾ! എന്നായിരുന്നു അരുണ്‍ കുറിച്ചത്. 

വിഡിയോ വൈറലായതോടെ രമേശ് പിഷാരടി അടക്കം നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയത്. 'നിനക്കൊരു മറുക് വയ്ക്കാമായിരുന്നില്ലേ' എന്നായിരുന്നു രമേശ് പിഷാരടിയുടെ കമന്‍റ്. 'ആ ഫോണിൽ നോക്കിയിട്ടുള്ള നിൽപ്പ്' എന്നായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ കമന്‍റ്. ഒരു സെന്റി സീനിനെ എങ്ങനെ കോമഡിയാക്കാം എന്ന് തെളിയിച്ച മഹാനെന്നായിരുന്നു ആരാധകരിലൊരാള്‍ കുറിച്ചത്.