Image Credit: Facebook/Instagram

മലയാളസിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് ഹണി റോസ്. നിരവധി ആരാധകരും താരത്തിനുണ്ട്. അടുത്തകാലത്തായി ഹണി റോസ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഉദ്ഘാടനപരിപാടികളിലെ സാന്നിധ്യം കൊണ്ടാണ്. നിരവധി ഉദ്ഘാടനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ടുതന്നെ നിരവധി ട്രോളുകളും ഹണി റോസിന് നേരിടേണ്ടതായി വന്നിരുന്നു. തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെയും ട്രോളുകളും കാര്യമായെടുക്കാത്തെ വളരെ പൊസിറ്റീവ് ആയി പെരുമാറുന്നതാണ് താരത്തെ മറ്റുളളവരില്‍ നിന്ന് എപ്പോഴും വ്യത്യസ്തയാക്കുന്നത്. ഇപ്പോഴിതാ ബാബുരാജുമായുളള ഒരുഭിമുഖത്തിനിടെ ഹണി റോസ് വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. 

താരസംഘടനയായ 'അമ്മ'യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ബാബുരാജിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹണി റോസ്. 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ വന്ന് മലയാളത്തിലും അന്യഭാഷകളിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തു. ഇനി സിനിമയില്‍ ഏതുതരം കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ഹണിയുടെ ആഗ്രഹം എന്ന ബാബുരാജിന്‍റെ ചോദ്യത്തിന് ഹണി റോസിന്‍റെ മറുപടി ഇങ്ങനെ...'ഒത്തിരി കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വളരെ ശക്തമായ കഥാപാത്രങ്ങള്‍. ഒരു പൊലീസ് ഓഫീസറായി അഭിനയിക്കണമെന്നുണ്ട്. ആക്ഷന് പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുണ്ട്. പിന്നെ ആരുടെയെങ്കിലും ബയോപിക് ചെയ്യണം എന്നുണ്ട്. അങ്ങനെ നിറയെ ആഗ്രഹങ്ങളാണ്'. 

ഉടനെ ബാബുരാജിന്‍റെ അടുത്ത ചോദ്യമെത്തി, ഇത്രയും വലിയ ആഗ്രഹങ്ങള്‍ക്കിടയില്‍ എപ്പോഴാണ് ഒരു വിവാഹം കഴിക്കാന്‍ സമയം കിട്ടുക? ഹണി റോസിന്‍റെ മറുപടി ഇങ്ങനെ..'അത് അതിന്‍റെ ഇടയിലൂടെ നടന്നോളും. നല്ല ഒരാളാണെങ്കില്‍ ഇതിനൊന്നും ഒരു പ്രശ്നവും ഉണ്ടാകില്ല. വരുന്ന ആള്‍ക്കും എനിക്കും ജോലി ചെയ്യുന്ന ഫീല്‍ഡില്‍ തങ്ങളുടെ ഏറ്റവും ബെസ്റ്റ് തന്നെ നല്‍കാന്‍ കഴിയണം. അങ്ങനെയാണല്ലോ വേണ്ടത്. അല്ലാതെ ഒരാളെ നീ ജോലി ചെയ്യണ്ട എന്ന് പറഞ്ഞ് വീട്ടിലിരുത്തുന്ന ആളാണെങ്കില്‍ അതിനെ പ്രണയമെന്നോ സ്നേഹമെന്നോ വിളിക്കാന്‍ സാധിക്കില്ല. സ്വാര്‍ത്ഥത മാത്രമാണത്' എന്നായിരുന്നു ഹണി റോസിന്‍റെ പ്രതികരണം. 

അതേസമയം ഹണി റോസിന്‍റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് റേച്ചൽ. ചിത്രത്തില്‍ വളരെ ശക്തമായ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ചിത്രം ജനുവരി 10ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും.