poornima

വിവാഹജീവിതത്തിലെ ചില നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തി അഭിനേതാക്കളും യൂട്രൂബ് വ്ലോഗർമാരുമായ പ്രിയ മോഹനും നിഹാൽ പിള്ളയും. ഇന്ദ്രജിത്തും പൂർണിമയുമാണ് തങ്ങളുടെ ജീവിതത്തിലെ അതിനിര്‍ണായകമായ തീരുമാനത്തെ കുറിച്ച് ബോധ്യപ്പെടുത്തി തന്നത് എന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തല്‍.

വിവാഹബന്ധം വേര്‍പിരിയാനുള്ള ഒരുക്കത്തിലെത്തിയ തങ്ങളുടെ ജീവിതത്തില്‍ സമയോചിതമായി ഇന്ദ്രജിത്തും പൂർണിമയും ഇടപെട്ടു. അത് പ്രശ്നങ്ങൾ ലഘൂകരിക്കാനും സംസാരിക്കാനുമുള്ള സാധ്യത തുറന്നിട്ടുവെന്നാണ് പ്രിയയും നിഹാലും പറയുന്നത്. ‘മൂന്നു വർഷം മുമ്പ് ഞങ്ങൾക്കിടയിൽ വലിയ വഴക്ക് നടന്നു. മിഡ് ലൈഫ് ക്രൈസിസാണെന്ന് പറയാം. വക്കീലൻമാരെ വരെ കണ്ടു. എടുത്തു പറയാൻ ഒരു കാരണം ഒന്നും ഉണ്ടായിരുന്നില്ല. ഫ്രസ്ട്രേഷനും എടുത്ത് ചാ‌ട്ടവുമായിരുന്നു. അന്നത്തെ സാമ്പത്തിക സാഹചര്യം കൊണ്ട് കൂടിയായിരിക്കും. 

മകൻ ജനിച്ച സമയത്തായിരുന്നു പ്രശ്നങ്ങൾ. അന്ന് കുടുംബങ്ങൾ ഇടപെട്ടത് കൊണ്ടാണ് പെട്ടെന്നൊരു വിവാഹമോചനമെന്ന ചിന്ത മാറിപ്പോയതെന്ന് പ്രിയ പറയുന്നു. അനുവും ഇന്ദ്രേട്ടനും ഞങ്ങളോടു അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നു. ഒന്നും സംസാരിക്കാതെ പോയിരുന്നെങ്കിൽ വിവാഹമോചനത്തിൽ എത്തിയേനെ. പരസ്പരം സംസാരിച്ച് പരിഹരിക്കൂ, കുറച്ചു കൂടെ സമയം കൊടുക്കൂ എന്നാണ് അനുവും ഇന്ദ്രേട്ടനും പറഞ്ഞത്’ എന്നാണ് ഇരുവരും വിഡിയോയില്‍ പറയുന്നത്.

‘ഇന്നത്തെ കാലത്ത് വിട്ടു പോകാൻ എളുപ്പമാണ്. പക്ഷേ, പ്രശ്നം പരിഹരിക്കാനാണ് ബുദ്ധിമുട്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ അത്യാവശ്യം സാമ്പത്തികമായി നല്ല നിലയിലാണെങ്കിൽ അവരുടെ ദാമ്പത്യത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ, വീട്ടുകാർ ആദ്യം പറയുക, വിട്ടു പോന്നോളൂ... നമുക്ക് നോക്കാം എന്നാകും. കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ബന്ധങ്ങൾ എളുപ്പമാക്കില്ല. സത്യത്തിൽ അപ്പോഴാണ് കൂടുതൽ ഫ്രസ്ട്രേഷനും പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഞങ്ങളുടെ ബന്ധം കുറേക്കൂടി വർക്ക് ചെയ്യാൻ തുടങ്ങിയത് പ്രിയ കുറേക്കൂടി തിരക്കുകളിലേക്ക് കടന്നതോടെയാണ്’ എന്ന് നിഹാൽ പറയുന്നു.

‘ഡെലിവറി കഴിഞ്ഞ സമയത്ത് കുറച്ച് വിഷാദാവസ്ഥ വരുമല്ലോ. ഹോർമോൺ വ്യതിയാനങ്ങൾ... മുഴുവൻ സമയവും കുഞ്ഞിനെ നോക്കൽ... വീട്ടിലിരിക്കൽ... ജോലിയില്ല... ആ സമയത്താണ് ഞങ്ങൾ വഴക്കിട്ടത്’ എന്നാണ് പ്രിയ പറഞ്ഞത്. പൂർണിമയുടെ സഹോദരിയാണ് പ്രിയ മോഹൻ. 

ENGLISH SUMMARY:

Priya Mohan and Nihal Pillai shares their difficult phases of marriage life and important role played by Poornima and Indrajith.