നാനും റൗഡി താന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നയന്‍താര തീര്‍ത്തും 'അണ്‍പ്രൊഫഷനലായാണ്' പെരുമാറിയതെന്ന് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ധനുഷ്. ധനുഷിന് വേണ്ടി നിര്‍മാണക്കമ്പനിയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 'നയന്‍താര; ബിയോണ്ട് ഫെയറിടെയില്‍' ഡോക്യുമെന്‍ററി പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് നയന്‍താര–ധനുഷ് പോര് മറ നീങ്ങി പുറത്തുവന്നത്.

നാനും റൗഡി താന്‍ സെറ്റില്‍ സംവിധായകനായ വിഘ്നേഷ് ശിവനും നായിക നടിയായ നയന്‍താരയും പ്രൊഫഷണലിസമില്ലാതെയാണ് പെരുമാറിയതെന്നും ഇരുവരുടെയും പ്രണയം കാരണം നിര്‍മാണക്കമ്പനിക്ക് വന്‍ നഷ്ടമുണ്ടായെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നാല് കോടി രൂപയായിരുന്നു സിനിമയ്ക്കായി വകയിരുത്തിയിരുന്നത്. എന്നാല്‍ ഇരുവരും സെറ്റില്‍ വൈകിയെത്ത് കാരണം പലപ്പോഴും ഷൂട്ടിങ് ഷെഡ്യൂള്‍ താളം തെറ്റിയെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.

'പ്രണയത്തിലായതിന് പിന്നാലെ സംവിധായകനായ വിഘ്നേഷ് അദ്ദേഹത്തിന്‍റെ എല്ലാ ശ്രദ്ധയും നയന്‍താരയിലേക്ക് മാത്രമാക്കി. മറ്റ് അഭിനേതാക്കളുടെ പ്രകടനം ശ്രദ്ധിച്ചതേയില്ല. നയന്‍താരയുടെ ഏറ്റവും മികച്ച പ്രകടനം മാത്രം സിനിമയില്‍ ലഭിക്കുന്നതിനായി ആവര്‍ത്തിച്ച് ടേക്കുകളെടുത്തു'- സത്യവാങ്മൂലത്തില്‍ വണ്ടര്‍ബാര്‍ പറയുന്നു. 'നിശ്ചയിച്ചിരുന്ന നാല് കോടിയില്‍ ചെലവ് നിര്‍ത്തിയിരുന്നുവെങ്കില്‍ ചിത്രം വന്‍ വിജയമായേനെ. എന്നാല്‍ വളരെ കുറച്ച് ലാഭം മാത്രമാണ് ചിത്രത്തിന് നേടാനായതെന്നും സംവിധായകനെന്ന നിലയില്‍ വിഘ്നേഷ് ഗുരുതര വീഴ്ച വരുത്തിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.

നിര്‍മാണച്ചെലവ് കുതിച്ചുയര്‍ന്നിട്ടും അതില്‍ യാതൊരു തരത്തിലുള്ള ഖേദപ്രകടനവും നടത്താന്‍ ഇരുവരും തയ്യാറായില്ലെന്ന് മാത്രമല്ല, നിര്‍മാതാവുമായുള്ള ബന്ധം വഷളാക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്. വിഘ്നേഷ് ശിവന്‍ തന്നെ നവംബര്‍ 24ന് വിളിച്ചുവെന്നും നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് ശ്രേയ ശ്രീനിവാസന്‍ കോടതിയില്‍ അറിയിച്ചു. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയില്‍ സിനിമയിലെ ചില ഫുട്ടേജുകള്‍ ഉപയോഗിക്കുന്നതിനായി അനുമതി വേണമെന്നും എന്നാല്‍ അത് ധനുഷ് അറിയാതെ നല്‍കണമെന്നുമായിരുന്നു ആവശ്യമെന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നും ശ്രേയ കോടതിയില്‍ ബോധിപ്പിച്ചു. 'വളരെ വിചിത്രമാണ് ഈ ആവശ്യമെന്നും എംഡിയായ ധനുഷിനെ അറിയിക്കാതെ ഒന്നും താന്‍ ചെയ്യില്ലെന്ന് പറഞ്ഞതോടെ അസഭ്യം പറഞ്ഞ് വിഘ്നേഷ് ശിവന്‍ ഫോണ്‍ കട്ട് ചെയ്തുവെന്നും അവര്‍ വിശദീകരിക്കുന്നു.

നിര്‍മാണക്കമ്പനിയുമായുള്ള കരാര്‍ അനുസരിച്ച് സിനിമയിലെ ദൃശ്യങ്ങള്‍ക്ക് പുറമെ, കഥാപാത്രമായുള്ള വേഷത്തില്‍ നടീനടന്‍മാര്‍ സെറ്റില്‍ നിന്ന് ചിത്രീകരിക്കുന്ന ഫൊട്ടോ, വിഡിയോ എന്നിവയുടെ മേല്‍ നിര്‍മാതാവിനാണ് അധികാരവും അവകാശവുമെന്ന് കരാറിലുണ്ടെന്നും അത് നയന്‍താര ലംഘിച്ചുവെന്നും നിര്‍മാണക്കമ്പനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ധനുഷും മുന്‍ ഭാര്യ ഐശ്വര്യ രജിനികാന്തും ചേര്‍ന്ന് 2010ലാണ് വണ്ടര്‍ബാര്‍ എന്ന നിര്‍മാണക്കമ്പനി ആരംഭിച്ചത്. വണ്ടര്‍ബാറിന് വേണ്ടി ശ്രേയ ശ്രീനിവാസനാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഒരു കോടി രൂപയാണ് നയന്‍താരയില്‍ നിന്നും നഷ്ടപരിഹാരമായി കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

ENGLISH SUMMARY:

Ms. Nayanthara and Mr. Sivan are accused of having behaved in a highly unprofessional manner during the shooting of the movie, with claims that it adversely affected the budget, which was originally fixed at just ₹4 crore, according to the production house in its affidavit.