nithin-accident

ഞെട്ടലോടെയായിരുന്നു ആ അപകടത്തിന്റെ സിസിടിവി ദൃശ്യം എല്ലാവരും കണ്ടത്. റോഡ് വക്കിലെ വൻമരത്തിന്റെ ചില്ല കാറിന്റെ മുകളിലേക്ക് പതിച്ചെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ വന്‍അപകടം ഒഴിവാകുകയായിരുന്നു.  അപകടദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കാറില്‍ സഞ്ചരിച്ചവരുടെ ഭാഗ്യം എന്നായിരുന്നു കാഴ്ചക്കാരുടെ കമന്റ്. അപ്പോഴും വാഹനത്തിനുള്ളില്‍ ആരായിരുന്നു സഞ്ചരിച്ചതെന്നു ആര്‍‍ക്കും അറിയില്ലായിരുന്നു. പിന്നീടാണ് സംവിധായകന്‍ നിഥിന‍് രണ്‍ജി പണിക്കരും കുടുംബവും സഞ്ചരിച്ച വാഹനമായിരുന്നു അതെന്നു പുറംലോകമറിഞ്ഞത്.  

ഒരു സുഹൃത്താണ് രക്ഷപ്പെടല്‍ ദൃശ്യം നിഥിനെ കാണിച്ചത്. ദൈവാധീനം എന്നായിരുന്നു പ്രതികരണം. ‘സത്യത്തിൽ വിഡിയോ കണ്ടപ്പോഴാണ് എത്ര വലിയ അപകടത്തിൽനിന്നാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലായത്. നല്ല മാതാപിതാക്കളെയും കുടുംബത്തെയും സിനിമാ സാഹചര്യങ്ങളും തന്ന ദൈവം അതുപോലെ വലിയ അനുഗ്രഹമാണ് ചെയ്തത്. ഒരു വർഷം മുൻപാണ് കാർ വാങ്ങിയത്. ഒരുമിച്ചൊരു ദീർഘയാത്ര ഇതുവരെ പറ്റാഞ്ഞതു കൊണ്ട് കുറച്ചുദിവസം വാഗമണ്ണിൽ കഴിയാൻ ഇറങ്ങിയതാണ്. കാറിന്റെ ചളുക്കം കണ്ട് വിഷമം തോന്നിയെങ്കിലും അത് എത്രയോ നിസ്സാരമെന്നു പിന്നീട് വിഡിയോ കണ്ടപ്പോൾ മനസ്സിലായി’-നിഥിൻ ആശ്വാസത്തോടെ പറഞ്ഞു. 

പൈക-പിണ്ണാക്കനാട് റോഡിൽ വിളക്കുമാടം തോണിപ്പാറ ഭാഗത്ത് ബുധനാഴ്ച വൈകിട്ടാണ്  സംഭവം.  മരം വീണ് 6 വൈദ്യുതത്തൂണുകളും 11 കെവി വൈദ്യുതലൈനും തകർന്നു. ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വൈദ്യുതിബന്ധം പിന്നീടാണ് പുനഃസ്ഥാപിച്ചത്. പാലായിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റിയത്.

ENGLISH SUMMARY: