ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ പതിറ്റാണ്ടുകള്‍ മോഹവലയത്തിലാക്കിയ ആ വെള്ളാരം കണ്ണുകളും നുണക്കുഴി കവിളുകളും. പത്താം വയസില്‍ ക്ലാപ് ബോയ് ആയി രാജ് കപൂര്‍ സിനിമാ ജീവിതം തുടങ്ങി. പതിനൊന്നാം വയസില്‍ ചെറുവേഷങ്ങളില്‍ മുഖം കാണിച്ച് അരങ്ങില്‍. ഗൗരി, വാല്‍മീകി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയില്‍. കിദാല്‍ ശര്‍മ സംവിധാനം ചെയ്ത് ചന്ദുലാല്‍ ഷാ നിര്‍മിച്ച നീല്‍കമലിലൂടെ ബോളിവുഡിലെ ഗ്രേറ്റസ്റ്റ് ഷോ മാന്‍ പിറവി എടുത്തു. 24 –ാം വയസില്‍ ആര്‍ കെ സ്റ്റുഡിയോ സ്ഥാപിച്ചും ആഗ് സംവിധാനം ചെയ്തും രാജ് കപൂര്‍ കുറിച്ചത് ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ ചരിത്രം കൂടിയായിരുന്നു. സ്വയം നിര്‍മിച്ച് സംവിധാനം ചെയ്ത ആഗില്‍ പൊള്ളലേറ്റ് മുഖം നഷ്ടപ്പെട്ട നായകന്‍റെ വേഷം അവതരിപ്പിച്ച് പ്രതിഭ കൂടി തെളിയിച്ചു രാജ് കപൂര്‍.
പിന്നാലെയെത്തി ബര്‍സാത്. പക്ഷേ മൂന്നാമതെത്തിയ ആവാര രാജ് കപൂറിന്റേയും ബോളിവുഡിന്റെയും മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ തലവര മാറ്റി. പാം ഡിയോറിലും കാനിലും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം വിദേശരാജ്യങ്ങളിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റടിച്ചു. ചാര്‍ലി ചാപ്ലിനില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ചെയ്ത ആവാരയില്‍, സാഹചര്യം കൊണ്ട് മോഷ്ടാവായി പോകുന്ന യുവാവിന്റെ വേഷമായിരുന്നു രാജ് കപൂറിന്
Also Read; അറസ്റ്റ്, മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം; അല്ലു അര്‍ജുന്‍ രാഷ്ട്രീയത്തിലേക്കോ?
നിരൂപക പ്രശംസ പിടിച്ചുപറ്റിയ ആവാര ബോളിവുഡിന്റെ നാളികകല്ലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ശേഷമെത്തിയ രാജ് കപൂര്‍ ചിത്രം ശ്രീ 420 യിലും ചാര്‍ളി ചാപ്ലിന്‍ സ്വാധീനം തെളിഞ്ഞുനിന്നു. ഇതോടെയാണ് ഇന്ത്യന്‍ സിനിമയുടെ ചാര്‍ളി ചാപ്ലിന്‍ എന്ന് കൂടി രാജ് കപൂര്‍ അറിയപ്പെട്ട് തുടങ്ങിയത്. സിനിമയുടെ സര്‍വമേഖലയിലും രാജ് കപൂറിന്റെ പ്രതാപകാലമായിരുന്നു അത്.
1970 ല്‍ പുറത്തിറങ്ങിയ മേരാനാം ജോക്കര്‍ രാജ് കപൂറിന്റെ സ്വപ്ന സിനിമകളിലൊന്നായിരുന്നു. വലിയ മുതല്‍ മുടക്കിലൊരുക്കിയ മേരാനാം ജോക്കര്‍ ബോക്സ് ഓഫീസില്‍ ദുരന്തമായി. ആര്‍ കെ സ്റ്റുഡിയോ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. പില്‍ക്കാലത്ത് രാജ് കപൂറിന്റെ ഏറ്റവും മികച്ച ചിത്രമായും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോക സിനിമകളിലൊന്നായും മേരാനാം ജോക്കര്‍ വിലയിരുത്തപ്പെട്ടു.
പിന്നീട് തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ടെങ്കിലും രാജ് കപൂറിന്റെ താരമൂല്യം ഒട്ടും കുറഞ്ഞില്ല. 71 ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. 88 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരവും. ഫാല്‍ക്കെ പുരസ്കാരം സ്വീകരികാനെത്തിയ അദ്ദേഹം കുഴഞ്ഞുവീണു. ഒരുമാസത്തെ ആശുപത്രിവാസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഇന്ത്യന്‍ സിനിമയില്‍ രാജ് കപൂര്‍ യുഗത്തിന് പകരം മറ്റൊന്നില്ല.