ചലച്ചിത്ര രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട അനുഭവം പങ്കിട്ട് ഐഎഫ്എഫ്കെയിൽ നടി ശബാന ആസ്മി. തന്‍റെ ആദ്യചിത്രമായ അങ്കുറിന്‍റെ പ്രദർശനത്തിനായാണ് ശബാന ആസ്മി ചലച്ചിത്ര മേളയുടെ വേദിയിലെത്തിയത്. കേരളത്തിന്‍റെ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതും തന്‍റെ സിനിമ പ്രദർശിപ്പിക്കുന്നതും ബഹുമതിയായി കരുതുന്നുവെന്ന് ശബാന ആസ്മി പറഞ്ഞു.
50 വർഷം മുമ്പ് ശബാന ആസ്മി അഭിനയിച്ച ആദ്യ ചിത്രം അങ്കുർ. നിറഞ്ഞ സദസിലാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചത്. സംവിധായകൻ ശ്യാം ബെനഗലിന്‍റെ തൊണ്ണൂറാം ജന്മദിനത്തിൽ ശബാന ആസ്മി തിയേറ്ററിലിരുന്ന് ഒരിക്കൽ കൂടി അങ്കുർ കണ്ടു.
പിന്നെ സെന്‍റ് സേവ്യേഴ്സ് കോളജിലെ പരിഷ്കാരി പെൺകുട്ടിയിൽ നിന്ന് ഗ്രാമീണ നായികയായി മാറിയ കഥ പറഞ്ഞു. ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രം ധരിപ്പിച്ച് നടത്തിയും നിലത്ത് കുത്തിയിരുത്തി ഭക്ഷണം കഴിപ്പിച്ചുമാണ് സംവിധായകൻ നായികയ്ക്ക് പരിശീലനം നല്കിയതെന്ന് അവർ ഓർത്തെടുത്തു. മനസ് നിറഞ്ഞ് സംഘാടകരുടെ ആദരവും ഏറ്റുവാങ്ങിയായിരുന്നു ശബാന ആസ്മി മടങ്ങിയത്.