jagadheesh

23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ക്രീനില്‍ ആടിതിമിര്‍ത്ത ഒരു ഗാനത്തിന്  വീണ്ടും ചുവട് വെച്ച് നടന്‍ ജഗദീഷ്. 2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭു എന്ന ചിത്രത്തിലെ 'പൊട്ടുകുത്തടീ പുടവ ചുറ്റടി' എന്ന ഗാനത്തിനാണ് ഹലോ മമ്മി ടീം ഒന്നിച്ച് ചുവടുവെച്ചത്. ദേവാസുരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രവും ഈ ഗാനവും അന്നത്തെ യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. 

ഹലോ മമ്മി എന്ന സിനിമയുടെ സെറ്റില്‍ വെച്ച് നൃത്തം ചെയ്യാനായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും ജഗദീഷിനെ വിളിക്കുന്നതും സെറ്റിൽ എല്ലാവരുമൊത്ത് പാട്ടിന് നൃത്തം ചെയ്യുന്നതുമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുന്നത്.  വിഡിയോ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരുടെ അഭിപ്രായത്തില്‍ 'ജഗദീഷേട്ടന്‍ ഇന്നും യങ് ആന്‍ഡ് എനര്‍ജറ്റിക്കാണ്'. ജഗദീഷിനോട് പിടിച്ചുനില്‍ക്കാന്‍ നിലവിലെ ഒരു താരത്തിനും പറ്റില്ലെന്നുമൊക്കെയാണ് കമന്‍റുകള്‍. 

നവാഗതനായ വൈശാഖ് എലൻസാണ്  മമ്മി സംവിധാനം ചെയ്തത്. ഷറഫുദ്ധീനും ഐശ്വര്യ ലക്ഷ്മിയും നായകനും നായികയുമായി എത്തുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും ഹലോ മമ്മിക്കുണ്ട്. ഉണ്ണിമുകുന്ദന്‍ നായകനാകുന്ന മാര്‍ക്കോയാണ് താരത്തിന്‍റെ വരാനിരിക്കുന്ന ചിത്രം. ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്ന അപ്പുറം എന്ന ചിത്രത്തിലെ താരത്തിന്‍റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായങ്ങളുണ്ടായിരുന്നു.