പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തെ കാണാന്‍ ശ്രമിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി നടന്‍ അല്ലു അര്‍ജുന്‍. നിയമ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഇവരെ സന്ദര്‍ശിക്കാത്തതെന്നും കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും താരം വ്യക്തമാക്കി.
'ദൗര്‍ഭാഗ്യകരമായ സംഭവത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന കുട്ടിയെക്കുറിച്ച് എനിക്ക് അതീവ ഉത്കണ്ഠയുണ്ട്. എന്നാൽ നിയമനടപടികൾ നടക്കുന്നതിനാൽ, ആ കുഞ്ഞിനേയും കുടുംബത്തെയും ഈ സമയത്ത് സന്ദർശിക്കരുതെന്ന് നിയമവിഗ്ധര്‍ എനിക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു. ആ കുഞ്ഞിനേയും കുടുംബത്തെയും എത്രയും വേഗം കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നു,' എന്നാണ് താരം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അല്ലു അര്‍ജുന്‍ പറഞ്ഞത്. നിയമത്തെ അനുസരിക്കുകയാണ്. ഒളിച്ചോടില്ലെന്നും മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നില്‍ക്കുമെന്നും ജയില്‍മോചിതനായ ശേഷം താരം പ്രതികരിച്ചിരുന്നു. സാധ്യമായതെല്ലാം താന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. നിയമത്തില്‍ തനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അത് അനുസരിക്കുകയാണ്. വലിയ വെല്ലുവിളി താനും കുടുംബവും നേരിട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററില്‍ നടന്ന സ്ക്രീനിങിനിടെയാണ് അപകടമുണ്ടായത്. സിനിമ കാണുന്നതിനായി അല്ലു തിയറ്ററിലെത്തിയതോടെ വന്‍ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. ഇതില്‍പ്പെട്ടാണ് 35കാരിയായ യുവതി മരിക്കുകയും അവരുടെ എട്ടുവയസുകാരനായ മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. കുട്ടി നിലവില്‍ വെന്‍റിലേറ്ററിലാണ്. ദാരുണ സംഭവത്തെ തുടര്‍ന്ന് അല്ലു അര്‍ജുനും അദ്ദേഹത്തിന്‍റെ സുരക്ഷാസംഘത്തിനും തിയറ്റര്‍ മാനേജ്മെന്‍റിനും എതിരെ സിറ്റി പൊലീസ് കേസെടുക്കുകയായിരുന്നു. മരിച്ച യുവതിയുടെ കുടുംബമാണ് പരാതി നല്‍കിയിരുന്നത്.