സംവിധായകൻ ആറ്റ്‍ലിയെ അപമാനിച്ച് അവതാരകന്‍ കപിൽ ശർമ. ‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’ എന്ന പരിപാടിയുടെ പുതിയ എപ്പിസോഡില്‍ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി വരുൺ ധവാൻ, കീർത്തി സുരേഷ്, വാമിക ഗബ്ബി, ആറ്റ്ലി എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ കപിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിങ്ങളെ തിരിച്ചറിയാന്‍ കഴിയുമോ എന്നാണ് കപിൽ ശർമ ചോദിച്ചത്.
'നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, ആറ്റ്‌ലി എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ?' എന്നായിരുന്നു കപിൽ ശർമയുടെ ചോദ്യം. ‘നിങ്ങളുടെ ചോദ്യം എനിക്ക് മനസ്സിലായി. ഞാൻ ഉത്തരം നൽകാൻ ശ്രമിക്കും. എ.ആർ .മുരുകദോസ് സാറിനോട് ഞാൻ വളരെ നന്ദിയുള്ളവനാണ്. കാരണം അദ്ദേഹമാണ് എന്‍റെ ആദ്യ ചിത്രം നിർമ്മിച്ചത്. അദ്ദേഹം ഒരു സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടു, പക്ഷേ ഞാൻ എങ്ങനെ ഇരിക്കുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. എനിക്ക് അതിന് കഴിവുണ്ടോ ഇല്ലയോ എന്നാണ് അദ്ദേഹം നോക്കിയത്. അദ്ദേഹത്തിന് എന്‍റെ സ്‌ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്’ എന്നായിരുന്നു ആറ്റ്ലിയുടെ മറുപടി.