സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമാതാവ് എന്നീ മേഖലകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് മുഹ്‌സിന്‍ പരാരി. മുഹ്‌സിൻ ഒരുക്കിയിട്ടുള്ള ഗാനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ പാട്ടെഴുത്തില്‍ ഇടവേളയെടുക്കുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് മുഹ്‌സിന്‍. സംവിധാന സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ഗാനരചനയിൽ നിന്ന് ഇടവേളയെടുക്കുന്നത് എന്ന് മുഹ്‌സിൻ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
‘സിനിമയ്ക്കായുള്ള പാട്ടെഴുത്തില്‍ നിന്ന് ഇടവേള എടുക്കുകയാണ്. (കമ്മിറ്റ് ചെയ്ത് ജോലികള്‍ ചിലത് ബാക്കിയുണ്ട്).പാട്ടെഴുത്തില്‍ ഞാന്‍ വളരെയധികം സന്തുഷ്ടനാണ്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ സ്വന്തം സംവിധാന സംരംഭങ്ങളിലും തിരക്കഥ രചനയിലും ശ്രദ്ധ കേന്ദ്രികരിക്കേണ്ടതുണ്ട്. മള്‍ട്ടിടാസ്‌കിങ്ങില്‍ ഞാന്‍ പിന്നിലാണ്’. ഇന്‍സ്റ്റാഗ്രാമില്‍ മുഹ്‌സിന്‍ പറഞ്ഞു.
സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ചെയ്തിട്ടുണ്ട്. ബേസില്‍ ചിത്രമായ സൂക്ഷദര്‍ശിനിയിലെ ദുരൂഹമന്ദഹാസമാണ് മുഹ്‌സിന്‍ എഴുതി പുറത്തിറങ്ങിയ അവസാന ഗാനം.