റിലീസ് ചെയ്യാനുള്ള നാല് സിനിമ കൂടി കണക്കിലെടുത്താല്‍ ഈ വര്‍ഷത്തെ ആകെ മലയാള ചിത്രങ്ങള്‍ 151. ഇന്‍ഡസ്ട്രി ഹിറ്റടിച്ച മഞ്ഞുമ്മല്‍ ബോയ്സ് ഉള്‍പ്പെടെ 29 ചിത്രങ്ങളാണ് വിജയപട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിജയശതമാനം ഇരട്ടിയായതിനൊപ്പം കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവും, ഏറ്റവും കൂടുതല്‍ മലയാള ചിത്രങ്ങള്‍ നൂറ് കോടി ക്ലബില്‍ ഇടം നേടിയ കാലം. (പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, എആര്‍എം, ആടുജീവിതം എന്നിവയാണ് മലയാളത്തില്‍ 100 കോടി കൊയ്ത ചിത്രങ്ങള്‍ ).
മഞ്ഞുമ്മല്‍ ബോയ്സ് , പ്രേമലു, ആവേശം എന്നിവ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലാകെ വിജയമായി എന്നതും മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായി. തുടര്‍ച്ചയായ പരാജയങ്ങള്‍ കൊണ്ട് തകര്‍ച്ചയുടെ വക്കില്‍ നിന്ന തമിഴകത്തെ തീയേറ്ററുകള്‍ക്ക് ആശ്വാസമായതും മലയാള ചിത്രങ്ങളാണ് (മഞ്ഞുമ്മല്‍ ബോയ്സ് , പ്രേമലു, ) ആദ്യ ആറുമാസം കൊണ്ട് 1000 കോടി ക്ലബ് എന്ന സ്വപ്നം നേട്ടം മലയാള സിനിമയുടെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു 2024. തീയേറ്ററില്‍ നിന്നകന്ന് ഒടിടിയില്‍ ചേക്കേറിയ പ്രേക്ഷകര്‍ തിരികെ തീയേറ്ററുകളെ പൂരപറമ്പാക്കുന്നതും ഈ വര്‍ഷം കണ്ടു. ആദ്യ ഗംഭീര പകുതിക്ക് ശേഷമുള്ള മെല്ലെ പോക്കിലും യുവതാര ചിത്രങ്ങളും, പുതുമുഖ ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളും ഒരുപോലെ വിജയം കണ്ട വര്‍ഷം കൂടിയാണ് 2024.
2023 ല്‍ വിജയം 13 ശതമാനം മാത്രമായിരുന്നെങ്കില്‍ 2024 ല്‍ 29 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഫിയോക്കിന്റെ വിലയിരുത്തല്‍. നൂറ് കോടി ക്ലബില്‍ ഇടം നേടിയില്ലെങ്കിലും ചെറിയ മുടക്കുമുതലില്‍ വലിയ വിജയമായ ചിത്രങ്ങളെന്ന നിലയില്‍ വാഴയും സൂക്ഷ്മദര്‍ശിനിയുമാണ് വിജയചിത്രങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലെന്ന് ഫിയോക്ക് പ്രതിനിധി സുരേഷ് ഷേണായി പറയുന്നു. സൂപ്പര്‍താര ചിത്രങ്ങളെക്കാള്‍ യുവതാരങ്ങളും പുതുമുഖങ്ങളും നേട്ടമുണ്ടാക്കിയതാണ് വിജയശതമാനം കൂടാന്‍ കാരണം. താരങ്ങള്‍ക്ക് മുകളിലേക്ക് സിനിമ മടങ്ങിവന്ന വര്‍ഷം കൂടിയാണിതെന്നും കോവിഡിന് ശേഷം മലയാള സിനിമ ഭേദപ്പെട്ട നിലയിലേക്ക് എത്തിയെന്നത് തീയേറ്റര്‍ വ്യവസായത്തിന് വലിയ ആശ്വാസമായിട്ടുണ്ടെന്നും സുരേഷ് ഷേണായി പറഞ്ഞു
നഷ്ടം തന്നെയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
തുടര്‍ച്ചയായ വിജയങ്ങളും ആദ്യ ആറുമാസത്തിനുള്ളില്‍ മലയാള സിനിമ 1,000 കോടി ക്ലബിലെത്തിയതുമെല്ലാം നേട്ടമായെങ്കിലും 2024 ലും നഷ്ടത്തിന്റെ കണക്കിലാണെന്ന് നിര്‍മാതാക്കളുടെ സംഘടന വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം 300 കോടിയായിരുന്നു നഷ്ടം. ഈ വര്‍ഷവും നഷ്ടമാണെന്നതില്‍ തര്‍ക്കമില്ലെന്നും കണക്കുകള്‍ പരിശോധിച്ചുവരുന്നതേയുള്ളൂവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ബി രാകേഷ് മനോരമ ന്യൂസിനോട് പറഞ്ഞു
വിജയ ചിത്രങ്ങള്‍
ജയറാമിന്‍റെ ഓസ്ലറായിരുന്നു പോയവര്‍ഷത്തെ ആദ്യഹിറ്റ് .ശ്രീനാഥ്ഭാസി –സൗബിന്‍ ഷാഹിര്‍ കൂട്ടുകെട്ടിന്‍റെ മഞ്ഞുമ്മല്‍ ബോയ്സ് ഇന്‍ഡ്സ്ട്രി ഹിറ്റും. നസ്ലിന്‍റെ പ്രേമലു, പൃഥ്വിരാജിന്റെ ആടുജീവിതം, ഫഹദിന്‍റെ ആവേശം , ടൊവിനോയുടെ എആര്‍എം പ്രണവ് – ധ്യാന്‍ കൂട്ടുകെട്ടിന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷം ബെയ്സില്‍ നസ്രിയ ടീമിന്‍റെ സൂക്ഷ്മദര്‍ശിനി, ആസിഫലിയുടെ കിഷ്കിന്ധാകാണ്ഡം , പുതുമുഖ താരങ്ങള്‍ അണനിരന്ന വാഴ എന്നിവയാണ് പോയവര്‍ഷത്തെ ബ്ലോക്ക്ബസ്റ്ററുകള്‍.
സൂപ്പര്‍ ഹിറ്റ് പട്ടികയില്‍ മമ്മൂട്ടിയുടെ ഭ്രമയുഗം, ടര്‍ബോയും, ചെമ്പന്‍ വിനോദിന്‍റെ അഞ്ചക്കൊള്ള കോക്കാന്‍ , ബേസിലിന്‍റെ ഗുരുവായൂര്‍ അമ്പലനടയില്‍ , നുണക്കുഴി, കുഞ്ചാക്കോ ബോബന്‍ , ജ്യോതിര്‍മയി കൂട്ടുകെട്ടിന്‍റെ ബോഗെയ്ന്‍വില്ല ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത പണി, ഐശ്വര്യ ലക്ഷ്മിയുടെ ഹലോ മമ്മി എന്നിവ ഉള്‍പ്പെടുന്നു.
ടോവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും , ആസിഫ് അലിയുടെ തലവന്‍, പാര്‍വതിയുടെ ഉള്ളൊളുക്ക് എന്നിവ ഹിറ്റായി. മറിമായം ടീമിന്‍റെ പഞ്ചായത്ത് ജട്ടി , ദിലീപിന്‍റെ പവി കെയര്‍ ടേക്കര്‍, മന്ദാകിനി, മുറ, ഗോളം, ഗഗനചാരി, എന്നിവ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ചിത്രങ്ങളായെന്നാണ് ഫിയോക്കിന്‍റെ കണക്ക് . മലൈക്കോട്ടെ വാലിബന്‍, തുണ്ട്, തങ്കമണി, നടികര്‍ , മലയാളി ഫ്രം ഇന്ത്യ, ഗര്‍ര്‍ , കഥ ഇതുവരെ എന്നിവയാണ് വലിയ പരാജയം നേരിട്ട ചിത്രങ്ങള്‍.
തകര്‍ന്നടിഞ്ഞ് അന്യഭാഷ ചിത്രങ്ങള്‍
കോവിഡിന് ശേഷം മലയാള സിനിമ വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ പ്രതിസന്ധിയിലായ തീയേറ്റര്‍ വ്യവസായത്തെ മുന്‍ വര്‍ഷങ്ങളില്‍ പിടിച്ചുനിര്‍ത്തിയത് അന്യഭാഷ ചിത്രങ്ങളായിരുന്നു. എന്നാല്‍ ഈ വര്‍ഷം 123 ചിത്രങ്ങളില്‍ നിന്ന് വിജയിച്ചത് വെറും 10 എണ്ണം മാത്രം. കോളിവുഡില്‍ നിന്ന് ക്യാപ്റ്റന്‍ മില്ലറും മഹാരാജയും അമരനും നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്ത്യന്‍ 2, ഗോട്ട് , വേട്ടയ്യന്‍ എന്നിവ വലിയ പരാജയങ്ങളായി. ഏറെ പ്രതീക്ഷയോടെ എത്തിയ അല്ലു അര്‍ജുന്റെ പുഷ്പ 2 ആദ്യ ഷോയ്ക്ക് ശേഷം തകര്‍ന്നടിഞ്ഞു. വളരെ കുറച്ച് തീയേറ്ററുകളിലെ പ്രദര്‍ശിപ്പിച്ചുള്ളൂവെങ്കിലും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ദുല്‍ഖറിന്‍റെ ലക്കി ഭാസ്കറും വിജയചിത്രമായി. കല്‍ക്കി 2898, ഫൈറ്റര്‍, കില്‍ , ആര്‍ട്ടിക്കിള്‍ 370 ഡ്യൂണ്‍ 2 എന്നിവയാണ് കേരളത്തില്‍ നേട്ടമുണ്ടാക്കിയ മറ്റ് അന്യഭാഷ ചിത്രങ്ങള്‍
ഓളമുണ്ടാക്കാത്ത റീറിലീസുകള്‍
കഴിഞ്ഞ വര്‍ഷം റീമാസ്റ്ററിങ് ചെയ്ത് റീറിലീസ് ചെയ്ത സ്ഫടികത്തിന്റെ ചുവടുപിടിച്ച് 5 ചിത്രങ്ങളാണ് ഇക്കുറി തീയേറ്ററിലെത്തിയത് . മമ്മൂട്ടിയുടെ പാലേരിമാണിക്യവും വല്യേട്ടനും മോഹന്‍ലാലിന്റെ ദേവദൂതന്‍ , പൃഥ്വിരാജിന്‍റഎ അന്‍വര്‍ പിന്നെ മലയാളത്തിന്‍റെ ക്ലാസിക് മണിച്ചിത്രത്താഴും. പാലേരിമാണിക്യത്തിനും അന്‍വറിനും ഷോ പോലും നടന്നില്ല. ദേവദൂതനും മണിച്ചിത്രത്താഴും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചപ്പോള്‍ വല്യേട്ടന്‍ രണ്ട് ദിവസം കണ്ട് പ്രദര്‍ശനം നിര്‍ത്തി
മാര്‍ക്കോയും ബറോസും ഇ.ഡിയുമാണ് ഈ വര്‍ഷം ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണെങ്കില്‍ കൂടി ത്രീ ഡി ആണെന്നതും പ്രേമേയവുമൊക്കെ കണക്കിലെടുക്കുമ്പോള്‍ പരീക്ഷണ ചിത്രമെന്ന നിലയിലാണ് ഫിയോക്ക് ബറോസിനെ നോക്കി കാണുന്നത്. ആഷിക്ക് അബുവിന്റെ റൈഫിള്‍ ക്ലബും സുരാജ് വെഞ്ഞാറമൂടിന്റെ ഇ ഡിയും ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയും വിജയ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുമോയെന്ന് കാത്തിരുന്ന് കാണാം.