samantha-naga-chaithanya

നടി സാമന്തയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും  ആ ഓര്‍മകള്‍ അത്ര പെട്ടെന്ന് മായ്ക്കാനാകില്ലെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ നാഗചൈതന്യ. നടി ശോഭിതയെ നാഗചൈതന്യ വിവാഹം കഴിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, സാമന്തയുടെ ഓര്‍മയ്ക്കായി സൂക്ഷിക്കുന്ന ഒരു കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നു. കയ്യിലെ ഒരു ടാറ്റൂവാണത്.

ഇടം കയ്യിലെ മോഴ്സ് കോഡ് ടാറ്റൂവിനെക്കുറിച്ച് ‘ലാല്‍ സിങ് ഛദ്ദ’ എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. ആരാധകരുടെ ഭാഗത്ത് നിന്ന് നേരിട്ട അനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് കയ്യിലെ ടാറ്റൂ കാട്ടി താരം മറുപടി പറഞ്ഞത്. ‘ഇതേ ടാറ്റൂ പല ആരാധകരും ദേഹത്ത് പച്ചകുത്തിയിട്ടുണ്ട്. അതെനിക്ക് ഇഷ്ടമുള്ള കാര്യമല്ല. ഈ ടാറ്റൂവിന്‍റെ അര്‍ഥം മനസ്സിലാക്കാതെയാണ് അവരിത് ചെയ്യുന്നത്. ആരാധകര്‍ക്ക് വേണ്ടിയോ, അവര്‍ അനുകരിക്കാന്‍ വേണ്ടിയുള്ളതോ ആയ ഒരു ടാറ്റൂവല്ല ഇത്. സാമന്തയെ വിവാഹം കഴിച്ച തീയതിയാണിത്. ഇതെനിക്ക് ഒത്തിരി സ്പെഷ്യലാണ്’ എന്നാണ് നാഗചൈതന്യ പറയുന്നത്.

സാമന്തയുമായുള്ള വിവാഹമോചനത്തിനു ശേഷം ഈ ടാറ്റൂ മാറ്റിക്കൂടേയെന്ന ചോദ്യം ശക്തമായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇത് മാറ്റണമെന്ന് തോന്നിയിട്ടില്ല എന്നാണ് താരം മറുപടി നല്‍കിയത്. സാമന്തയും നാഗചൈതന്യയുടെ പേര് ടാറ്റൂ ചെയ്തിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് ശേഷം അത് മാറ്റി. ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന ഉപദേശവും താരം പിന്നീട് നല്‍കുകയുണ്ടായി.

2017ലായിരുന്നു നടി സമാന്തയുമായി നാഗചൈതന്യയുടെ ആദ്യവിവാഹം. നാലു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2021ലാണ് ഇരുവരും വിവാഹമോചിതരാവുന്നു എന്ന് പ്രഖ്യാപിച്ചത്. ഇതിനുശേഷമായിരുന്നു ശോഭിതയുമായി നാഗചൈതന്യ അടുത്തുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഇതിനെ പറ്റി തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും ഒന്നിച്ച് അവധിക്കാലം ചിലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ദിവസങ്ങള്‍ക്കു മുന്‍ ആഘോഷപൂര്‍വം ഇരുവരും വിവാഹിതരാകുകയും ചെയ്തു.

ENGLISH SUMMARY:

Naga Chaitanya has always been secretive about the morse code tattoo on his left hand, but during the promotion of his film 'Laal Singh Chaddha', the actor opened up about it. When asked about the craziest fan experiences, he finally shared the story behind the tattoo, revealing its deep personal significance.